ഇന്‍ഡോറില്‍ രോഗികളുടെ തലച്ചോറിനെയും ബാധിച്ച് ബ്ലാക്ക് ഫംഗസ്

ഇന്‍ഡോര്‍: മധ്യപ്രദേശിലെ ഇന്‍ഡോറില്‍ രോഗികളുടെ തലച്ചോറിനെയും ബ്ലാക്ക് ഫംഗസ് സ്ഥിരികരിച്ചതായി റിപ്പോര്‍ട്ട്.മഹാരാജ യശ്വന്ത്‌റാവു ഹോസ്പിറ്റലില്‍ അണുബാധയ്ക്ക് പ്രവേശിപ്പിക്കപ്പെട്ട രോഗികളില്‍ 15 ശതമാനം പേരിലും ഇത്തരത്തില്‍ ബ്ലാക്ക് ഫംഗസ് കണ്ടതായാണ് പറയുന്നത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച 368 മ്യൂക്കോമികോസിസ് രോഗികളില്‍ 55 പേരുടെ തലച്ചോറില്‍ അണുബാധയുണ്ടെന്ന് പ്രാഥമിക പഠനം സിടി (കമ്പ്യൂട്ടറൈസ്ഡ് ടോമോഗ്രഫി), എംആര്‍ഐ (മാഗ്‌നറ്റിക് റെസൊണന്‍സ് ഇമേജിംഗ്) സ്‌കാനുകള്‍ ഇത് സ്ഥിരീകരിച്ചിട്ടുണ്ടെന്ന് ന്യൂറോ സര്‍ജറി വിഭാഗം മേധാവി ഡോ. രാകേഷ് ഗുപ്ത പറഞ്ഞു. ഭൂരിഭാഗത്തിനും തലച്ചോറില്‍ ചെറിയ അണുബാധയാണ് ഉണ്ടായിട്ടുള്ളത്. എന്നാല്‍ നാലുപേര്‍ക്ക് മസ്തിഷ്‌ക ശസ്ത്രക്രിയയ്ക്ക് വേണ്ടി വന്നെന്നും അദ്ദേഹം പറഞ്ഞു.ആശുപത്രിയില്‍ പ്രവേശിക്കുന്നതിന് മുമ്പ് സൈനസ് വഴി ഈ രോഗികളുടെ തലച്ചോറിലേക്ക് അണുബാധ എത്തിയതായിരിക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്.
കൊവിഡ് പോസിറ്റീവായവരിലും ഭേദമായവരിലും കണ്ടുവരുന്ന അപകടകരമായ അണുബാധയാണ് ‘മ്യൂക്കോമൈക്കോസിസ്’ അഥവാ ‘ബ്ലാക്ക് ഫംഗസ്’. നാസികാദ്വാരം, മാക്‌സില്ലറി സൈനസ് എന്നിവയുടെ അണുബാധയായിട്ടാണ് ഇത് കൂടുതലായി കാണപ്പെട്ടിരുന്നത്.

സാധാരണ ഗതിയില്‍ അനിയന്ത്രിതമായ പ്രമേഹം, രോഗപ്രതിരോധ ശേഷി കുറവുള്ളവര്‍, ക്യാന്‍സര്‍ രോഗികള്‍, ക്യാന്‍സര്‍ രോഗത്തിന് മരുന്നെടുക്കുന്നവര്‍, ഇടക്കിടക്ക് രക്തം കയറ്റുന്ന രോഗികള്‍, ഉയര്‍ന്ന അളവില്‍ സ്റ്റിറോയ്ഡ് മരുന്ന് ഉപയോഗിക്കുന്നവര്‍, എച്ച്.ഐ.വി. രോഗബാധിതര്‍ എന്നിവര്‍ക്ക് ഈ അണുബാധയുണ്ടാവാനുള്ള സാധ്യത ഏറെയാണ്.

Share
അഭിപ്രായം എഴുതാം