തൃശൂര്‍ നഗര പരിധിയിലെ മാര്‍ക്കറ്റുകള്‍ നിയന്ത്രണങ്ങളോടെ തുറക്കുന്നു

തൃശൂര്‍ : തൃശൂര്‍ നഗരസഭ പരിധിയിലെ മാര്‍ക്കറ്റുകള്‍ നിയന്ത്രണങ്ങളോടെ 2021 മെയ്‌ 1 ചൊവ്വാഴ്‌ച മുതല്‍ തുറക്കുമെന്ന്‌ മന്ത്രി കെ.രാജന്‍. ശക്തന്‍മാര്‍ക്കറ്റ്‌ തുറക്കുന്നതുമായി ബന്ധപ്പെട്ട്‌ ഓണ്‍ലൈനായി നടന്ന മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ശക്തന്‍ മാര്‍ക്കറ്റ്‌, ജയ്‌ഹിന്ദ്‌, അരിയങ്ങാടി, നായരങ്ങാടി തുടങ്ങി നഗര പരിധിയിലെ മാര്‍ക്കറ്റുകള്‍ നിയ്‌ന്ത്രണങ്ങളോടെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച്‌ തുറക്കാവുന്നതാണെന്ന് മന്ത്രി പറഞ്ഞു. മാര്‍ക്കറ്റുകളുടെ പ്രവര്‍ത്തനം സംബന്ധിച്ച്‌ വ്യാപാരി വ്യവസായികള്‍, ഉദ്യോഗസ്ഥര്‍ എന്നിവരുമായി നടത്തിയര്‍ച്ചയിലാണ്‌ തീരുമാനം.

ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ മാര്‍ക്കറ്റുകളില്‍ മൊത്തവില്‍പ്പന സ്ഥാപനങ്ങള്‍ രാത്രി 1 മണി മുതല്‍ രാവിലെ 8 മണിവരെയും, ചില്ലറ വ്യാപാര സ്ഥാപനങ്ങള്‍ രാവിലെ 8.30 മുതല്‍ ഉച്ചക്ക്‌ 12 മണിവരെയുമാണ്‌ പ്രവര്‍ത്തിക്കാന്‍ അനുമതി. എന്നാല്‍ മത്സ്യ,മാംസ മാര്‍ക്കറ്റുകള്‍ തിങ്കള്‍ ,ബുധന്‍ ശനി ദിവസങ്ങളില്‍ രാവിലെ ഏഴുമുതല്‍ വൈകിട്ട്‌ അഞ്ചുവരെ മാത്രമേ തുറക്കാന്‍ പാടുളളു. കണ്ടെയിന്‍മെന്‍റ് സോണുകളില്‍ ബുധന്‍ ശനി ദിവസങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്ന മത്സ്യ മാംസ വ്യാപാര സ്ഥാപനങ്ങള്‍ക്ക്‌ തിങ്കളാഴ്‌ചകൂടി ഇതേ സമയ ക്രമത്തില്‍ തുറന്ന്‌ പ്രവര്‍ത്തിക്കാനും അനുമതിയുണ്ട്‌ .എന്നാല്‍ വഴിയോര കച്ചവടങ്ങള്‍ക്ക്‌ അനുമതി ഇല്ല.

അന്യ സംസ്ഥാനങ്ങളില്‍നിന്ന്‌ രാത്രി കാലങ്ങളില്‍ മാര്‍ക്കറ്റില്‍ എത്തുന്ന വാഹനങ്ങള്‍, ഡ്രൈവര്‍മാര്‍, ചുമട്ടുതൊഴിലാളികള്‍ എന്നിവര്‍ കോവിഡ്‌ മാനദണ്ഡപ്രകാരം സ്വയം സാനിറ്റൈസ്‌ ചെയ്യാനും വാഹനം അണുവിമുക്തമാക്കാനും ആവശ്യമായ കരുതല്‍ നടപടികള്‍ സ്വീകരിക്കണം. സ്ഥാപനങ്ങളിലെ ജീവനക്കാരുടെ എണ്ണത്തിലും സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കണം. ചെറിയ കടകളില്‍ രണ്ടുപേരും വലിയ കടകളില്‍ ഉടമലസ്ഥന്‍ ഉള്‍പ്പടെ മൂന്നുപേരും മാത്രമേ ഉണ്ടാകാന്‍ പാടുളളു. തെരക്ക്‌ നിയന്ത്രിക്കാന്‍ പോലീസിന്‍റെ പ്രത്യേക സംവിധാനം ഒരുക്കും. നിര്‍ദ്ദേശങ്ങള്‍ എല്ലാവരും കൃത്യമായി പാലിക്കണമെന്ന മന്ത്രി പറഞ്ഞു.

കൃത്യമായ ഇടവേളകളില്‍ കോവിഡ്‌ പരിശോധന നടത്താനുളള സൗകര്യം ഏര്‍പ്പെടുത്തും.ഉടമകള്‍ ഇക്കാര്യം ഉറപ്പുവരുത്തുകയും കോവിഡ്‌ വ്യാപനത്തെ തടഞ്ഞ്‌ ദീര്‍ഘകാലത്തേക്ക്‌ മാര്‍ക്കറ്റ്‌ തുറക്കാനുളള സാഹചര്യം ഒരുക്കുകയുമാണ് വേണ്ടതെന്നും യോഗത്തില്‍ പങ്കെടുത്ത മന്ത്രി കെ രാധാകൃഷ്‌ണന്‍ പറഞ്ഞു. മാര്‍ക്കറ്റിന്‍റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട്‌ വളരെ ജാഗ്രതയടോടെ മുന്നോട്ടുപോകണമെന്ന്‌ യോഗത്തില്‍ സംസാരിച്ച മന്ത്രി ആര്‍ ബിന്ദു പറഞ്ഞു.

മാര്‍ക്കറ്റുകള്‍ തുറക്കുന്നതിന്റെ മുന്നോടിയായി തിങ്കളാഴ്‌ച 500 പേര്‍ക്ക്‌ ആന്റിജന്‍ ടെസ്റ്റ്‌ നടത്താന്‍ ക്രമീകരണം ഒരുക്കിയിട്ടുണ്ട്‌. ശക്തന്‍ മാര്‍ക്കറ്റില്‍ രാവിലെ 8.30 മുതല്‍ ഉച്ചക്ക്‌ 12 വരെയാണ്‌ ടെസ്റ്റ് നടത്തുന്നത്‌. ലോക്‌ഡൗണ്‍ ജൂണ്‍ 9 വരെ നിയന്ത്രണങ്ങളോടെ തുടരുന്നതിനാല്‍ സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുളള വിവിധ മേഖലകളില്‍ ഇളവുകള്‍ നല്‍കാനും യോഗത്തില്‍ ധാരണയായി. കണ്ടെയിന്‍ന്‍മെന്റ് സോണുകള്‍ അല്ലാത്ത ഇടങ്ങളിലാണ്‌ സര്‍ക്കാരിന്റെ നിര്‍ദ്ദേശ പ്രകാരമുളള ലോക്‌ ഡൗണ്‍ ഇളവുകള്‍ നിലനിര്‍ത്തുക. ഇതനുസരിച്ച ജില്ലയിലെ വ്യവസായ സ്ഥാപനങ്ങള്‍ക്ക്‌ 50 ശതമാനം ജീവനക്കാരുമായി എല്ലാ ദിവസങ്ങളിലും പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ട്‌. എന്നാല്‍ അസംസ്‌കൃത വസ്‌തുക്കള്‍ വില്‍ക്കുന്ന സ്ഥാപനങ്ങല്‍ക്ക്‌ ചൊവ്വാ,വ്യാഴം,ശനി ദിവസങ്ങളില്‍ രാവിലെ 8 മുതല്‍ വൈകിട്ട 5 വരെ പ്രവര്‍ത്തിക്കാം. തുണിക്കടകള്‍,സ്വര്‍ണക്കട, ചെരുപ്പുകടഎന്നിവക്ക്‌ തിങ്കള്‍,ബുധന്‍,വെളളി ദിവസങ്ങളില്‍ പ്രവര്‍ത്തിക്കാം.

എന്നാല്‍ കണ്ടെയിന്‍മെന്റ് സോണുകളില്‍ ജില്ലാ ഭരണകൂടം ഏര്‍പ്പെടുത്തിയിട്ടുളള നിയന്ത്രണങ്ങള്‍ തുടരും. കണ്ടെയിന്‍മെന്റ് സോണുകളില്‍ കര്‍ശനമായി പാലിക്കണമെന്ന്‌ മന്ത്രി വ്യക്തമാക്കി. എംഎല്‍എ പിബാലചന്ദ്രന്‍, കോര്‍പ്പറേഷന്‍ മേയര്‍ എംകെ വര്‍ഗീസ്‌, ഡെപ്യൂട്ടി മേയര്‍ രാജശ്രീ ഗോപന്‍, ജില്ലാ കളക്ടര്‍ എസ്‌ ഷാനവാസ്‌, ജില്ലാ പോലീസ്‌ മേധാവി ആര്‍.ആദിത്യ, ഡിഎംഒ ഡോ. കെജെ റജീന,ഉദ്യോഗസ്ഥര്‍ , വിവിധ വ്യാപാരി വ്യവസായി സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →