തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് കാലത്തെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ ഹെലികോപ്റ്റര്‍ യാത്രയില്‍ ദുരൂഹത ആരോപിച്ച് യൂത്ത് കോണ്‍ഗ്രസ്. ശക്തമായ വാഹന പരിശോധന നടക്കുന്ന തെരഞ്ഞെടുപ്പ് കാലത്ത് വാഹനത്തിലൂടെ കോടികള്‍ കൈമാറിയെങ്കില്‍ സുരേന്ദ്രന്റെ ഹെലികോപ്റ്റര്‍ യാത്രയും വിശദമായി അന്വേഷിക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി രാഹുല്‍ മാങ്കൂട്ടത്തില്‍ 29/05/21 ശനിയാഴ്ച ആവശ്യപ്പെട്ടു. കൊടകര കുഴല്‍പണ കേസിലെ ബിജെപി ബന്ധത്തില്‍ കൂടുതല്‍ തെളിവുകള്‍ പുറത്ത് വരുന്ന സാഹചര്യത്തില്‍ കൂടിയാണ് രാഹുല്‍ ഇത്തരമൊരു ആരോപണം ഉയര്‍ത്തുന്നത്.
കെ സുരേന്ദ്രന് രണ്ട് മണ്ഡലങ്ങളില്‍ മത്സരിക്കുന്നത് പോലും ഹെലികോപ്റ്റര്‍ യാത്രയെ സാധൂകരിക്കാനാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് രാഹുല്‍ സംശയം പ്രകടിപ്പിച്ചു. ഇക്കാര്യത്തില്‍ സുരേന്ദ്രനെ വിശദമായി ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം തയ്യാറാവണന്നും രാഹുല്‍ ആവശ്യപ്പെട്ടു.
തെരഞ്ഞെടുപ്പ് കാലത്ത് സുരേന്ദ്രന് ഹെലികോപ്റ്ററില്‍ പണം കടത്തിയെന്ന് പരാതി ഉയര്‍ന്നിട്ടുണ്ട്. ഓള് കേരള ആന്റി കറപ്ഷന്‍ ആന്റ് ഹ്യൂമണ്‍ പ്രൊട്ടക്ഷന്‍ ഐസക് വര്‍ഗീസ് ആണ് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കിയിരുന്നത്. അനധികൃത പണമിടപാട് സംബന്ധിച്ച് ശോഭാ സുരേന്ദ്രന്റേതായി പുറത്തു വന്ന ശബ്ദ സന്ദേശത്തില്‍ അന്വേഷണം വേണമെന്നും പരാതിയില്‍ പറയുന്നു.

