തിരുവനന്തപുരം: നിയമസഭയില്‍ പ്രതിപക്ഷ നിരയിൽ പ്രത്യേക ബ്ലോക്കായി ഇരിക്കുമെന്ന ആർ എം പി ഐ യുടെ പ്രഖ്യാപനത്തെ ന്യായീകരിച്ച് വടകര എം.എല്‍.എ കെ. കെ രമ. ഉപാധികളില്ലാതെയാണ് യു.ഡി.എഫ് പിന്തുണച്ചതെന്നും ആ സ്ഥിതിക്ക് ഒരു ദേശീയ പാര്‍ട്ടിയെന്ന നിലയ്ക്ക് ആര്‍.എം.പി.ഐക്ക് അവരുടെ രാഷ്ട്രീയ തീരുമാനമെടുക്കാം എന്നും കെ. കെ രമ പറഞ്ഞു.
പ്രതിപക്ഷത്തിനെ അനൂകൂലിക്കേണ്ട കാര്യങ്ങളെ അനുകൂലിച്ചു കൊണ്ട് മുന്നോട്ട് പോകുമെന്നും അതേസമയം ഒരു ദേശീയ രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രതിനിധിയെന്ന നിലയില്‍ പ്രത്യേക ബ്ലോക്കായി ഇരിക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്നുമാണ് രമ പറഞ്ഞത്. 24/05/21 തിങ്കളാഴ്ച ഒരു പ്രമുഖ വാർത്താ ചാനലിനോടായിരുന്നു രമയുടെ പ്രതികരണം.
യു.ഡി.എഫിന്റെ നിരുപാധിക പിന്തുണയോടെയാണ് വിജയിച്ചതെന്ന കാര്യത്തില്‍ തര്‍ക്കമില്ലെന്നും എന്നാല്‍ ആര്‍.എം.പി.ഐ യു.ഡി.എഫ് മുന്നണിയുടെ ഭാഗമല്ലെന്നും കെ. കെ രമ കൂട്ടിച്ചേര്‍ത്തു.
‘തെരഞ്ഞെടുപ്പിന് മത്സരിക്കുമ്പോള്‍ ആര്‍.എം.പി.ഐയുടെ സ്ഥാനാര്‍ത്ഥിയായി തന്നെയാണ് മത്സരിച്ചത്. യു.ഡി.എഫിന്റെ നിരുപാധിക പിന്തുണയോടെ തന്നെയാണ് വിജയമെന്ന കാര്യത്തിലും തര്‍ക്കമില്ല. ഉപാധികളില്ലാത്ത പിന്തുണയാണ് നല്‍കുന്നതെന്ന് യു.ഡി.എഫ് നേതൃത്വം പറഞ്ഞിട്ടുണ്ട്.
അവരുടേത് പുറമേ നിന്നുള്ള പിന്തുണയാണ്. ഞങ്ങള്‍ യു.ഡി.എഫ് എന്ന മുന്നണിയുടെ ഭാഗമല്ല, അത് അറിഞ്ഞുകൊണ്ട് തന്നെയാണ് അവര്‍ പിന്തുണച്ചതും. വളരെ വിശാലമായ രാഷ്ട്രീയ മാതൃകയാണ് അവര്‍ മുന്നോട്ട് വെച്ചത്. ഉപാധികളില്ലാതെ മത്സരിക്കുമ്പോള്‍ ഞങ്ങള്‍ക്ക് ഞങ്ങളുടെ രാഷ്ട്രീയ തീരുമാനം എടുക്കാം. ആര്‍.എം.പി.ഐ എന്ന് പറയുന്നത് ഒരു ദേശീയ പാര്‍ട്ടി കൂടിയാണ്. ആ നിലയ്ക്ക് ആ പാര്‍ട്ടിയുടെ പ്രതിനിധി എന്ന നിലയ്ക്ക് ഒരു പ്രത്യേക ബ്ലോക്കായി ഇരിക്കുമെന്നത് പാര്‍ട്ടി തീരുമാനമാണ്,’ കെ. കെ രമ പറഞ്ഞു.

