രാഷ്ട്രീയം പറയും പക്ഷേ കക്ഷിരാഷ്ട്രീയം പറയില്ല , പ്രതിപക്ഷ നേതാവിന് പുതിയ സ്പീക്കറുടെ മറുപടി

തിരുവനന്തപുരം: സഭയ്ക്ക് പുറത്ത് രാഷ്ട്രീയം പറയുമെന്ന പ്രസ്താവനയില്‍ വിശദീകരവുമായി സ്പീക്കര്‍ എംബി രാജേഷ്. 25/05/21 ചൊവ്വാഴ്ച സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ട ഉടൻ നടത്തിയ പ്രസംഗത്തിൽ ആയിരുന്നു പ്രതികരണം.

അത്തരമാരു പ്രസ്താവന പ്രതിപക്ഷത്തെ വേദനയുണ്ടാക്കിയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പ്രസംഗത്തിന്റെ ചൂണ്ടികാട്ടിയതിന് മറുപടിയായിട്ടാണ് സ്പീക്കറുടെ വിശദീകരണം. കക്ഷി രാഷ്ട്രീയം പറയില്ല, എന്നാല്‍ താന്‍ പൊതുവായ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക വിഷയങ്ങളില്‍ അഭിപ്രായം പറയും എന്നാണ് പറഞ്ഞതെന്നും എംബി രാജേഷ് പറഞ്ഞു.

‘സഭയ്ക്ക് പുറത്ത് രാഷ്ട്രീയം പറയുമെന്ന് പറഞ്ഞതായി മാധ്യമങ്ങളില്‍ വന്ന വാര്‍ത്തയെ കുറിച്ച് പ്രതിപക്ഷ നേതാവ് ചൂണ്ടികാണിച്ചു. അങ്ങനെയൊരു പ്രസ്താവന മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് കാണുമ്പോള്‍ പ്രതിപക്ഷ നേതാവിനുണ്ടായിട്ടുള്ള ആശങ്ക മറ്റ് പലര്‍ക്കുമുണ്ടായിട്ടുണ്ടാവും. യഥാര്‍ത്ഥത്തില്‍ ഞാന്‍ പറഞ്ഞത് കക്ഷി രാഷ്ട്രീയം പറയുമെന്നല്ല. കക്ഷി രാഷ്ട്രീയത്തിന്റെ ഭാഗമായി സ്പീക്കര്‍ പ്രവര്‍ത്തിക്കുകയില്ല. എന്നാല്‍ സഭക്ക് പുറത്ത് ഉയര്‍ന്നുവരുന്ന പൊതുവായ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക വിഷയങ്ങളില്‍ അഭിപ്രായം പറയും എന്നാണ്. ഈ ഉത്തരവാദിത്തതിന്റെ അന്തസും ഇത് നിര്‍വഹിക്കുമ്പോള്‍ പാലിക്കേണ്ട ഔചിത്യവും പാലിച്ചുകൊണ്ട് മാത്രമായിരിക്കും അത്തരമൊരു അഭിപ്രായ പ്രകടനങ്ങള്‍ ഉണ്ടാവുകയെന്നും സഭക്ക് ഉറപ്പ് നല്‍കുന്നു.’ എംബി രാജേഷ് പറഞ്ഞു.

സഭക്ക് പുറത്ത് രാഷ്ട്രീയം പറഞ്ഞാല്‍ സ്വാഭാവികമായും തങ്ങള്‍ക്ക് അതിന് മറുപടി പറയേണ്ടി വരുമെന്നാണ് വിഡി സതീശന്‍ പറഞ്ഞത്. അത് വലിയ സംഘര്‍ഷങ്ങളിലേക്ക് നയിക്കുമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

Share
samadarsi2020@gmail.com'

About ഡെസ്ക് ന്യൂസ്

View all posts by ഡെസ്ക് ന്യൂസ് →