കൊറോണ വൈറസ്; ഇല്ലാത്ത ഇന്ത്യന്‍ വകഭേദത്തിന്റെ പേരിൽ രാജ്യത്തിന് അപകീർത്തി; പരാമര്‍ശം നീക്കം ചെയ്യണമെന്ന് സോഷ്യല്‍ മീഡിയകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം

ന്യൂഡല്‍ഹി: കൊറോണ വൈറസിന് ഇന്ത്യന്‍ വകഭേദം ഇല്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. കൊവിഡ് ഇന്ത്യന്‍ വകഭേദമുണ്ടെന്ന തരത്തിലുള്ള എല്ലാ ഉള്ളടക്കവും ഉടന്‍ നീക്കം ചെയ്യണമെന്ന് വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളോട് 21/05/21 വെളളിയാഴ്ച) കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു.

ബി.1.617 വകഭേദം ഇന്ത്യന്‍ വകഭേദം അല്ലെന്നും ഇത്തരത്തില്‍ ലോകാരോഗ്യ സംഘടന എവിടേയും ഉദ്ധരിച്ചിട്ടില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ സോഷ്യല്‍ മീഡിയകള്‍ക്ക് അയച്ച കത്തില്‍ പറയുന്നു.

കൊറോണ വൈറസിന്റെ ഇന്ത്യന്‍ വകഭേദം വ്യാപിക്കുന്നെന്ന് തരത്തില്‍ വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണെന്നും ഐ.ടി മന്ത്രാലയം നല്‍കിയ കത്തില്‍ വ്യക്തമാക്കുന്നു.

സൗത്ത് ആഫ്രിക്ക, ബ്രസീല്‍, ബ്രിട്ടന്‍ എന്നീ രാജ്യങ്ങളിലെ വകഭേദങ്ങള്‍ക്ക് ശേഷം കണ്ടെത്തിയ നാലാമത്തെ വകഭേദമാണ് ബി.1.617. എന്നാല്‍ ഇതിനെ ഏതെങ്കിലും രാജ്യവുമായി ബന്ധപ്പെടുത്തി ലോകാരോഗ്യ സംഘടന പറഞ്ഞിട്ടില്ല.

നിലവില്‍ ഈ വകഭേദത്തിന്റെ ശാസ്ത്രീയനാമം ഉപയോഗിക്കാനാണ് ലോകാരോഗ്യ സംഘടനയുടെ നിര്‍ദേശം. അതേസമയം ഇത് സിംഗപ്പൂര്‍ വകഭേദമാണെന്ന് ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

ഈ പ്രസ്താവനയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സിംഗപ്പൂര്‍ രംഗത്ത് എത്തിയിരുന്നു. സിംഗപ്പൂര്‍ വകഭേദം എന്നൊന്ന് ഇല്ലെന്നും തീവ്രവ്യാപന സ്വഭാവമുള്ളത് ഇന്ത്യന്‍ വകഭേദമാണെന്നുമായിരുന്നു സിംഗപ്പൂരിന്റെ വിമര്‍ശനം.

അതേസമയം ഇത്തരത്തില്‍ ലക്ഷക്കണക്കിന് പോസ്റ്റുകള്‍ ഉള്ളതിനാല്‍ എല്ലാ ഉള്ളടക്കവും നീക്കംചെയ്യുന്നത് ബുദ്ധിമുട്ടാണെന്ന് ഒരു സോഷ്യല്‍ മീഡിയ എക്‌സിക്യൂട്ടീവ് പറഞ്ഞതായി ഒരു ദേശീയ ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു.

Share
samadarsi2020@gmail.com'

About ഡെസ്ക് ന്യൂസ്

View all posts by ഡെസ്ക് ന്യൂസ് →