ഋഷികേശ്: ലോകപ്രശസ്ത പരിസ്ഥിതി പ്രവർത്തകനും ചിപ്കോ മൂവ്മെന്റ് നേതാവുമായിരുന്ന സുന്ദർലാൽ ബഹുഗുണ അന്തരിച്ചു. കോവിഡ് ബാധിതനായ അദ്ദേഹത്തിന് 94 വയസ്സായിരുന്നു. മെയ് 9 മുതൽ ഋഷികേശിലെ ആൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ (എയിംസ്) ചികിത്സയിലായിരുന്നു. 21/05/21 വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു അന്ത്യം സംഭവിച്ചത്.
പരിസ്ഥിതിയെ ഏറ്റവും വലിയ സമ്പദ്വ്യവസ്ഥയായി കണക്കാക്കിയ സുന്ദർലാൽ ബഹുഗുണ ആഗോള തലത്തിൽ തന്നെ പ്രകൃതി – പരിസ്ഥിതി സംരക്ഷണത്തിന്റെ വലിയ മാതൃകകളിലൊരാളായിരുന്നു. ഇന്ത്യയിലെ വനസംരക്ഷണം ലക്ഷ്യമിട്ടുള്ള 1973 ലെ അഹിംസാ പ്രക്ഷോഭമായ ചിപ്കോ പ്രസ്ഥാനത്തിന് (ചിപ്കോ ആന്ദോളൻ) അദ്ദേഹം നേതൃത്വം നൽകി. വനങ്ങൾ സംരക്ഷിക്കുന്നതിനായി സ്ത്രീകളെ കൂട്ടമായി അണിനിരത്തിയതിലൂടെ ഈ മൂവ്മെന്റ് ശ്രദ്ധിക്കപ്പെട്ടു. ഉത്തരാഖണ്ഡിൽ ആരംഭിച്ച ഈ മൂവ്മെന്റ് ലോകമെമ്പാടുമുള്ള നിരവധി പാരിസ്ഥിതിക പ്രസ്ഥാനങ്ങൾക്കാണ് പ്രചോദനമായത്.

