വാക്സിന്റെ ഡോസുകള്‍ സ്വീകരിക്കുന്നതിലെ അകലം ദീര്‍ഘിപ്പിക്കല്‍: തീരുമാനത്തിനുപിന്നില്‍ സമ്മര്‍ദ്ദമില്ല: നിതി ആയോഗ് അംഗം

ന്യൂഡല്‍ഹി: കോവിഷീല്‍ഡ് വാക്സിന്റെ ആദ്യ ഡോസും രണ്ടാം ഡോസും സ്വീകരിക്കുന്നതു തമ്മിലുള്ള അകലം 12 മുതല്‍ 16 ആഴ്ച വരെ ദീര്‍ഘിപ്പിക്കാനുള്ള തീരുമാനത്തിനു പിന്നില്‍ സമ്മര്‍ദങ്ങളില്ലെന്നു നിതി ആയോഗ് അംഗം ഡോ. വി.കെ. പോള്‍. വാക്സിന്‍ ദൗര്‍ലഭ്യം മറികടക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ഡോസുകള്‍ തമ്മിലുള്ള ദൈര്‍ഘ്യം വര്‍ധിപ്പിച്ചതെന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.ഇത്തരം കിംവദന്തികള്‍ക്കു ചെവികൊടുക്കരുതെന്ന് ജനങ്ങളോട് അപേക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. വിഷയങ്ങളെ സ്വതന്ത്രമായും സൂക്ഷ്മമായും വിശകലനം ചെയ്ത ശേഷം എന്‍.ടി.എ.ജി.ഐ.(നാഷണല്‍ ടെക്നിക്കല്‍ അെഡ്വെസറി ഗ്രൂപ്പ് ഓണ്‍ ഇമ്യുെണെസേഷന്‍) ശാസ്ത്രജ്ഞരുടെ സംഘമാണ് വാക്സിന്‍ ഡോസുകള്‍ തമ്മിലുള്ള ദൈര്‍ഘ്യം വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത്-ഡോ. പോള്‍ വിശദീകരിച്ചു. വാക്സിന്‍ ക്ഷാമം മറയ്ക്കാനുള്ള ശ്രമമായിരുന്നു ഇതിനു പിന്നിലെങ്കില്‍ ഇതു മുമ്പേയാകാമായിരുന്നു. ഡോസുകള്‍ തമ്മിലുള്ള അകലം വര്‍ധിപ്പിക്കാനുള്ള തീരുമാനം ആദ്യമെടുത്ത് ബ്രിട്ടനാണ്. ഡോസുകള്‍ തമ്മിലുള്ള അകലം ബ്രിട്ടന്‍ മൂന്നു മാസമായി വര്‍ധിപ്പിച്ചെങ്കിലും ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍ അതു സ്വീകരിച്ചില്ല. കോവിഡ് വ്യാപനം ഭയന്നു തന്നെയായിരുന്നു ഇത്. എന്നാല്‍, ബ്രിട്ടനില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ ആശാവഹമായിരുന്നു. ഡോസുകള്‍ തമ്മിലുള്ള അകലം മൂന്നു മാസമായി വര്‍ധിപ്പിച്ചപ്പോള്‍ അവിടെ കാര്യമായ പ്രശ്നങ്ങള്‍ ഉണ്ടായില്ല. അതിനിടെ കൂടുതല്‍ ആളുകളിലേക്ക് വാക്സിന്‍ എത്തിക്കാനുമായിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.കോവിഷീല്‍ഡ് ഡോസുകള്‍ തമ്മിലുള്ള അകലം 12 മുതല്‍ 16 ആഴ്ച വരെ ദീര്‍ഘിപ്പിക്കണമെന്ന വിദഗ്ധ സമിതി നിര്‍ദേശം അടുത്തിടെയാണ് സര്‍ക്കാര്‍ അംഗീകരിച്ചത്. ജനുവരിയില്‍ നാലു മുതല്‍ ആറ് ആഴ്ച വരെയായിരുന്നു ഈ കാലയളവ്. ഏപ്രിലില്‍ ഇത് ആറു മുതല്‍ എട്ട് ആഴ്ച വരെയായി ദീര്‍ഘിപ്പിച്ചു. ഇത് വ്യാപക വിമര്‍ശനങ്ങള്‍ക്കാണ് വഴിതെളിച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →