അമ്പലപ്പുഴ: ടൗട്ടേ ചുഴലിക്കാറ്റിന്റെ സ്വാധീനത്തിൽ ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ, കാർത്തികപ്പള്ളി, ചേർത്തല താലൂക്കുകളിൽ കടലാക്രമണം അതിരൂക്ഷമായി. ചേർത്തല ഒറ്റമശ്ശേരിയിൽ 14/05/21 വെള്ളിയാഴ്ച യും 15/05/21 ശനിയാഴ്ച യുമായി 10 വീടുകൾ തകർന്നു.
കടക്കരപ്പള്ളി, പട്ടണക്കാട്, അന്ധകാരനഴി, ഒറ്റമശ്ശേരി, ചേന്നവേലി, പുന്നപ്ര തെക്ക്, പുന്നപ്ര വടക്ക്, നീർക്കുന്നം, പുറക്കാട്, ആറാട്ടുപുഴ ഭാഗങ്ങളിൽ കടലാക്രമണത്തിൽ നിരവധിവീടുകൾ തകർന്നു.
ആറാട്ടുപുഴയിൽ നൂറുകണക്കിന് വീടുകളിലാണ് വെള്ളം കയറിയത്. പെരുമ്പള്ളിയിൽ തീരദേശ റോഡ് പൂർണ്ണമായും തകർന്നു. പലയിടങ്ങളിലും റോഡ് മണ്ണിനടിയിലാണ്. അരൂരിൽ കടലാക്രമണത്തിൽ 50 വീടുകളിൽ വെള്ളം കയറി. അടിയന്തരസാഹചര്യം നേരിടാൻ ദേശീയ ദുരന്തനിവാരണസേനയുടെ സംഘം ആലപ്പുഴയിലെത്തിയിട്ടുണ്ട്.