ആലപ്പുഴ: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഗർഭിണികൾ കൂടുതൽ ശ്രദ്ധിക്കണമെന്ന് ജില്ല മെഡിക്കൽ ഓഫീസർ അറിയിച്ചു. ഗർഭിണികൾ വീട്ടിൽ തന്നെ കഴിയണം. മറ്റ് ഗൃഹസന്ദർശനങ്ങളും സന്ദർശകരേയും ഒഴിവാക്കുക. ഗർഭകാല അനുബന്ധ ചടങ്ങുകൾ ഒഴിവാക്കണം. പുറത്ത് ജോലിക്കും മറ്റും പോകുന്നവർ ഗർഭിണിയുമായി അടുത്തിടപഴകരുത്. വീട്ടിലെ മറ്റ് അംഗങ്ങൾക്ക് പനി, ചുമ തുടങ്ങിയ ലക്ഷണങ്ങളുണ്ടായാൽ അവർ റൂം ക്വാറന്റയിനിൽ ഇരിക്കുക. ഗർഭിണികൾ ഒരു കാരണവശാലും അവരുമായി സമ്പർക്കത്തിലാകരുത്.
പനി, ചുമ, തൊണ്ടവേദന തുടങ്ങി ലക്ഷണങ്ങൾ അനുഭവപ്പെട്ടാൽ മറ്റ് കാരണങ്ങളാലാകാം എന്നു വിചാരിക്കാതെ എത്രയും പെട്ടെന്ന് പരിശോധന നടത്തി കോവിഡ് അല്ലെന്ന് ഉറപ്പിക്കണം. കഴിയ്ക്കാൻ നല്കിയ മരുന്നുകൾ മുടങ്ങാതെ കഴിക്കണം. പോഷക മൂല്യമുള്ള ഭക്ഷണം കഴിക്കുകയും ധാരാളം വെള്ളം കുടിക്കുകയും ചെയ്യണം. അഞ്ചു മാസം കഴിഞ്ഞവർ രാവിലെയും ഉച്ചയ്ക്കും രാത്രിയും ഭക്ഷണം കഴിഞ്ഞ ശേഷം ഒരു മണിക്കൂറിൽ കുഞ്ഞിന് മൂന്ന് ചലനങ്ങളെങ്കിലും ഉണ്ടോയെന്നു ശ്രദ്ധിക്കണം. അത്യാവശ്യത്തിന് മാത്രം ആശുപത്രിയിൽ പോവുക. ബ്ലീഡിങ്, വിട്ടുവിട്ടുള്ള വയറുവേദന പോലെയുള്ള ലക്ഷണങ്ങളുണ്ടായാൽ ഡോക്ടറെ നേരിൽ കാണുക. ചെറിയ ശാരീരിക ബുദ്ധിമുട്ടുകൾക്ക് ഇ-സഞ്ജീവനി വഴി ഡോക്ടറെ ബന്ധപ്പെട്ട് പരിഹാരം തേടുക.

