ഉത്തരാഖണ്ഡിലെ ഡെറാഡൂണിനും മുസ്സൂറിയ്ക്കും ഇടയിൽ ആകാശമാർഗത്തിലുള്ള റോപ്‌വേ പദ്ധതിയ്ക്കായി മുസ്സൂറിയിലെ ഇന്തോ-ടിബറ്റൻ ബോർഡർ പോലീസിന്റെ (ഐടിബിപി) 1500 ചതുരശ്ര മീറ്റർ സ്ഥലം സംസ്ഥാന ഗവൺമെൻറിന് കൈമാറാൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭായോഗം അനുമതി നൽകി.
ഡെറാഡൂണിലെ പുർക്കുൽ ഗാവിനും ,ലോവർ ടെർമിനൽ സ്റ്റേഷൻ), മുസ്സൂറിയിലെ ലൈബ്രറിയ്ക്കും (അപ്പർ ടെർമിനൽ സ്റ്റേഷൻ) ഇടയിൽ ഒരു ദിശയിൽ മണിക്കൂറിൽ 1000 പേരെ വഹിക്കാൻ ശേഷിയുള്ളതാണ് നിർദ്ദിഷ്ട റോപ്‌വേ. 285 കോടി രൂപയാണ് മതിപ്പു ചെലവ് . ഇത് ഡെറാഡൂണിൽ നിന്ന് മുസ്സൂറിയിലേക്കുള്ള റോഡ് ഗതാഗതം ഗണ്യമായി കുറയ്ക്കും.
കൂടാതെ, ഇത് 350 പേർക്ക് നേരിട്ടും, 1500ലധികം പേർക്ക് പരോക്ഷമായും തൊഴിലവസരവും സൃഷ്ടിക്കും. നിർമ്മാണം പൂർത്തിയാകുമ്പോൾ റോപ് വേ വളരെയധികം വിനോദ സഞ്ചാരികളെ ആകർഷിക്കും, ഇത് സംസ്ഥാനത്തെ ടൂറിസം വ്യവസായത്തിന് ഉത്തേജനം നൽകുകയും ടൂറിസം മേഖലയിൽ അധിക തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യും.

