കണ്ണൂർ: കോവിഡ് ദുരിതാശ്വാസത്തിന്റെ ഭാഗമായി പാവപ്പെട്ടവർക്ക് വിതരണം ചെയ്യാൻ കേന്ദ്രം അനുവദിച്ച കടലയിൽ 596.7 ടൺ റേഷൻകടകളിലിരുന്ന് പഴകിനശിച്ചതായി റിപ്പോർട്. 2020 ഏപ്രിൽ മുതലുള്ള ലോക്ഡൗൺ കാലത്ത് ‘പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജന’ പ്രകാരം അനുവദിച്ചതാണിത്.
റേഷൻ കടകളിൽ നിന്ന് പലരും ഈ കടല വാങ്ങിയിരുന്നില്ല. അങ്ങനെ മിച്ചം വന്നതാണ് നാലുമാസമായി റേഷൻകടകളിലിരുന്ന് കേടായത്. മിച്ചം വന്ന കടല സംസ്ഥാനസർക്കാർ നൽകുന്ന ഭക്ഷ്യക്കിറ്റിൽപെടുത്തി വിതരണം ചെയ്യാൻ കേന്ദ്രം അനുവദിച്ചിരുന്നു. പക്ഷേ, യഥാസമയം ഇവ റേഷൻകടകളിൽനിന്ന് തിരിച്ചെടുത്ത് വിതരണം ചെയ്യാൻ സിവിൽ സപ്ലൈസ് വകുപ്പിന് കഴിഞ്ഞില്ല.
അതിദരിദ്രവിഭാഗങ്ങളിൽപെടുന്ന അന്ത്യോദയ അന്നയോജന (എ.എ.വൈ.), മറ്റ് മുൻഗണനാവിഭാഗം (പ്രയോറിറ്റി ഹൗസ്ഹോൾഡ്-പി.എച്ച്.എച്ച്.) എന്നിവയ്ക്ക് നൽകാനാണ് കേന്ദ്രം കടല അനുവദിച്ചത്.
കേരളത്തിൽ അന്ത്യോദയയിൽ 593976 കാർഡും മുൻഗണനാവിഭാഗത്തിൽ 3309926 കാർഡുമാണ് ഉള്ളത്. കാർഡിലെ അംഗങ്ങൾക്ക് നാലുകിലോ അരി, ഒരുകിലോ ഗോതമ്പ് എന്നിവ വീതവും കാർഡ് ഒന്നിന് ഒരുകിലോഗ്രാം വീതം ഭക്ഷ്യധാന്യവുമാണ് നൽകേണ്ടിയിരുന്നത്. ഭക്ഷ്യധാന്യമായി ആദ്യ രണ്ടുമാസം ചെറുപയറാണ് കിട്ടിയത്. അത് കൊടുത്തുതീർത്തിരുന്നു.
പിന്നീടുള്ള മാസങ്ങളിലാണ് കടല കിട്ടിയത്. ഡിസംബർ വരെ നൽകിയശേഷം മിച്ചംവന്ന കടലയാണ് നശിച്ചത്. അരിയും ഗോതമ്പും ഇതു പോലെ മിച്ചം വന്നിരുന്നു എങ്കിലും മറ്റ് വിഭാഗങ്ങളിലേക്ക് വകയിരുത്തി അവയുടെ വിതരണം തുടർന്നു.
വകമാറ്റാൻ കേന്ദ്രത്തിന്റെ അനുമതി കിട്ടിയതിനെത്തുടർന്ന്, റേഷൻകടകളിലെ കടലസ്റ്റോക്ക് ഗോഡൗണിലേക്ക് മാറ്റണമെന്നും ഫെബ്രുവരി-മാർച്ച് മാസങ്ങളിലെ ഭക്ഷ്യക്കിറ്റിൽ ഉൾപ്പെടുത്തണമെന്നും നിർദേശിച്ച് കിറ്റ് വിതരണത്തിന്റെ ചുമതലയുള്ള സപ്ലൈകോയുടെ മാനേജിങ് ഡയറക്ടർ ഡിപ്പോ മാനേജർമാർക്കും മേഖലാ മാനേജർമാർക്കും ഫെബ്രുവരി 25-ന് കത്തയച്ചിരുന്നു.
കിറ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള 250 ഗ്രാം തുവരപ്പരിപ്പിനുപകരം 500 ഗ്രാം കടലയും 500 ഗ്രാം ഉഴുന്നിനുപകരം 750 ഗ്രാം കടലയും എന്ന രീതിയിൽ ക്രമീകരിക്കണമെന്നും നിർദേശിച്ചിരുന്നു. ഈ കത്തയച്ചതിനുശേഷവും റേഷൻ കടകളിലെ നീക്കിയിരിപ്പിൽ മാറ്റം വന്നിട്ടില്ലെന്ന് സിവിൽ സപ്ലൈസ് വകുപ്പിന്റെ സ്റ്റോക്ക് വിശദാംശങ്ങൾ വ്യക്തമാക്കുന്നു.
കിറ്റിൽ ഉൾപ്പെടുത്തുംമുമ്പ് ഗുണമേൻമ പരിശോധിക്കണമെന്ന് നിർദേശമുണ്ടായിരുന്നു. ഗുണമില്ലെന്ന് കണ്ടതുകൊണ്ടാണോ തിരിച്ചെടുക്കാത്തതെന്ന് വ്യക്തമല്ല.