സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലാകുന്നവരുടെ എണ്ണം ക്രമാതീതമായി ഉയരുന്നതായി റിപ്പോര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ഗുരുതരമാകുന്നവരുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ഐസിയു, വെന്റിലേറ്റര്‍ ക്ഷാമം വരും ദിവസങ്ങളില്‍ രൂക്ഷമാകുമെന്ന് ആശങ്ക. ആരോഗ്യ വകുപ്പിന്റെ കണക്കുകള്‍ പ്രകാരം 1249 പേര്‍ വെന്റിലേറ്ററിന്റെ സഹായത്താലാണ് കോവിഡിനോട് പൊരുതുന്നത്. 2528 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്

സര്‍ക്കാരിന്റെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം 2857 ഐസിയു കിടക്കകളും 2293 വെന്റിലേറ്ററുകളുമാണ് ഉളളത്. കഴിഞ്ഞ 5 ദിവസത്തിനിടെ വെന്റിലേറ്ററിലാകുന്ന രോഗികളുടെ എണ്ണം വന്‍തോതില്‍ വര്‍ദ്ധിച്ചു. ഓക്‌സിജന്‍ കിടക്കകളുടെയും ഐസിയുവിന്റെയും ക്ഷാമം മൂലം കൃത്യസമയത്ത് വിദഗ്ദ ചികിത്സ ലഭിക്കാത്തതിനാല്‍ ഗുരുതരാവസ്ഥയിലാകുന്ന രോഗികളും ഒട്ടേറെയുണ്ട്. കോവിഡ് ഇതര രോഗങ്ങളുമായി ഗുരുതരാവസ്ഥയിലാകുന്നവരുടെ ചികിത്സക്കും പ്രതിസന്ധിയുണ്ട്.

കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നുണ്ടെങ്കിലും ആരോഗ്യ വകുപ്പിന്റെ സംസ്ഥാന തല സമിതി സ്ഥിരീകരിക്കാന്‍ വൈകുന്നതിനാല്‍ ദിവസേനയുളള കണക്കില്‍ പ്രതിഫലിക്കുന്നില്ല. 2021 മെയ് 9ന് സ്ഥിരീകരിച്ച 68 പേരുടെ പട്ടികയില്‍ ഏപ്രില്‍ 30 മുതലുളള മരണങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കോവിഡ് നെഗറ്റീവായ ശേഷമുളള മരണങ്ങള്‍ ഇപ്പോഴും പട്ടികയില്‍ ഉള്‍പ്പെടുത്തുന്നില്ല.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →