കർശന നിയന്ത്രണങ്ങളോടെ സംസ്ഥാനത്ത് ലോക്ഡൗൺ തുടങ്ങി

തിരുവനന്തപുരം: കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് 08/05/21 ശനിയാഴ്ച രാവിലെ മുതൽ ലോക്ഡൗൺ ആരംഭിച്ചു.

കർശന നിയന്ത്രണങ്ങളാണ് സംസ്ഥാനത്ത് ഏർപ്പെടുത്തിയിരിക്കുന്നത്. യാത്രകൾ ഒഴിവാക്കണം. അത്യാവശ്യകാര്യങ്ങൾക്ക് പുറത്തിറങ്ങാൻ പോലീസ് പാസ് വേണം. ഒഴിവാക്കാനാവാത്ത സാഹചര്യത്തിൽ സത്യവാങ്മൂലം കൈയിൽ കരുതണം.

വിവാഹം, മരണാനന്തരച്ചടങ്ങുകൾ, രോഗിയായ ബന്ധുവിനെ സന്ദർശിക്കൽ, രോഗിയെ ഒരു സ്ഥലത്തുനിന്ന് മറ്റൊരിടത്തേക്ക് കൊണ്ടുപോകുക എന്നിവയ്ക്കുമാത്രമേ ജില്ലവിട്ടുള്ള യാത്ര അനുവദിക്കൂ.

മരണാനന്തരച്ചടങ്ങുകൾ, വിവാഹം എന്നിവയ്ക്ക് കാർമികത്വംവഹിക്കേണ്ട പുരോഹിതന്മാർക്ക് നിയന്ത്രണമില്ല. സ്വയം തയ്യാറാക്കിയ സത്യപ്രസ്താവന, തിരിച്ചറിയൽ കാർഡ്, ക്ഷണക്കത്ത് എന്നിവ കൈവശമുണ്ടാകണം. ഹോട്ടലുകൾക്ക് രാവിലെ ഏഴുമുതൽ രാത്രി 7.30 വരെ പാഴ്സൽ നൽകാം.

ലോക്ഡൗണിൽ സുരക്ഷ ഉറപ്പിക്കുന്നതിനും ക്രമീകരണങ്ങൾക്കുമായി 25,000 പോലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്.

അതിഥിതൊഴിലാളികൾ കോവിഡ് ബാധിതരല്ലെന്ന് ഉറപ്പാക്കി അവർക്ക് നിർമാണസ്ഥലത്തുതന്നെ താമസസൗകര്യവും ഭക്ഷണവും നൽകും. ഇതിനുള്ള സൗകര്യം കരാറുകാരൻ ഒരുക്കണം. അതിന് കഴിയില്ലെങ്കിൽ യാത്രാസൗകര്യം നൽകണം.

ബാങ്കുകളുടെയും ഇൻഷുറൻസ് ധനകാര്യ സ്ഥാപനങ്ങളുടെയും പ്രവർത്തനം തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ മാത്രമായി ചുരുക്കി. ഇടപാടുകൾ പത്തുമുതൽ ഒന്നുവരെയായിരിക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →