തിരുവനന്തപുരം: കോവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ജില്ലയില്‍ ഓക്‌സിജന്‍ ലഭ്യത ഉറപ്പുവരുത്തുന്നതിനായി കളക്ട്രേറ്റില്‍ ജില്ലാതല ഓക്‌സിജന്‍ വാര്‍ റും തുറന്നു. ആശുപത്രികളില്‍ ആവശ്യമുളളിടത്ത് ഓക്‌സിജന്‍ എത്തിക്കുന്നതിനും വിവിധ ഇടങ്ങളില്‍നിന്ന്ഓക്‌സിജന്‍ സംഭരിക്കുന്നതിനുമായിട്ടാണ് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന വാര്‍ റൂം തുറന്നതെന്ന് ജില്ലാ കളക്ടര്‍ ഡോ. നവ്‌ജ്യോത് ഖോസ പറഞ്ഞു.
വഴുതക്കാട് വിമന്‍സ് കോളേജ് ഓഡിറ്റോറിയമാണ് ഓക്‌സിജന്‍ സംഭരണ കേന്ദ്രം. എച്ച്എല്‍ എല്‍, ട്രാവന്‍കോര്‍ ടൈറ്റാനിയം അടക്കം ജില്ലയിലെ വിവിധ സ്ഥാപനങ്ങളില്‍ വ്യവസായിക അടിസ്ഥാനത്തില്‍ സംഭരിച്ചിട്ടുളളതും ഫയര്‍ഫോഴ്‌സടക്കമുളളവരുടെ പക്കല്‍ ഉളളതുമായ ഓക്‌സിജന്‍ സിലണ്ടറുകള്‍ ശേഖരിച്ച് സംഭരണ കേന്ദ്രത്തില്‍ എത്തിച്ചിട്ടുണ്ട്.
കളക്ട്രേറ്റിലെ ഓക്‌സിജന്‍ വാര്‍റൂമിലെ നിരീക്ഷണ സംഘം ആശുപത്രികളിലെ ഓക്‌സിജന്‍ സ്ഥിതി നിരന്തരം വിലയിരുത്തും. ഓക്‌സിജന്‍ ആവശ്യമുണ്ടായാല്‍ 7592939426,7592949448 എന്ന ഓക്‌സിജന്‍ വാര്‍ റും നമ്പരുകളില്‍ ബന്ധപ്പെടാം. ജില്ലാ വികസന കമ്മീഷണര്‍ ഡോ.വിനയ് ഗോയല്‍, സബ് കളക്ടര്‍മാരായ എം എസ് മാധവിക്കുട്ടി, ചേതന്‍കുമാര്‍ മീണ, എഡിഎം ടിജി ഗോപകുമാര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെഎസ് ഷിനു,ജില്ലാ വ്യവസായകേന്ദ്രം ജനറല്‍ മാനേജര്‍ ജി.രാജീവ് എന്നിവര്‍ ഉള്‍പ്പെടുന്ന കമ്മറ്റിയാണ് വാര്‍ റൂമിന് നേതൃത്വം നല്‍കുന്നത്.

