കൊൽക്കൊത്ത: ബംഗാളിൽ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തെ തുടർന്നുണ്ടായ വ്യാപകമായ അക്രമസംഭവങ്ങളിൽ മമതാ സർക്കാരിനോട് ഇടഞ്ഞ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. അക്രമസംഭവങ്ങളെ നിയന്ത്രിക്കാൻ സംസ്ഥാനം കൈക്കൊണ്ട നടപടികൾ അറിയിക്കാത്തതിൽ ശാസനയുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയ സെക്രട്ടറി 05/05/21 ബുധനാഴ്ച സംസ്ഥാനത്തിന് കത്തയച്ചു .
അക്രമങ്ങളെ നേരിടാൻ സംസ്ഥാനം സ്വീകരിച്ച മാർഗ്ഗങ്ങൾ ആവശ്യപ്പെട്ടു കൊണ്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം കത്തെഴുതിയിരുന്നു.
എന്നാൽ സംസ്ഥാന സർക്കാർ ഇതിന് മറുപടി നൽകിയില്ലെന്നും അതിനാലാണ് രണ്ടാമത്തെ കത്തയക്കുന്നതെന്നും ആഭ്യന്തര മന്ത്രാലയ സെക്രട്ടറി അജയ് ഭല്ല കത്തിൽ പറയുന്നു. ഇതവഗണിച്ചാൽ പ്രത്യഘാതങ്ങൾ ഗൗരവമാകുമെന്നും അജയ് ഭല്ല സൂചിപ്പിക്കുന്നുണ്ട്. ആദ്യത്തെ കത്തയച്ച് രണ്ട് ദിവസങ്ങൾക്ക് ശേഷമാണ് ആഭ്യന്തര മന്ത്രാലയം വീണ്ടും സംസ്ഥാനത്തിന് ഇതേ വിഷയത്തിൽ കത്തയക്കുന്നത്.
അക്രമം തടയാൻ വേണ്ടത്ര നടപടികൾ സ്വീകരിക്കാത്തതെന്ത് കൊണ്ടാണെന്ന് സംസ്ഥാന ചീഫ് സെക്രട്ടറിയോട് അന്വേഷിച്ച അജയ് ഭല്ല, അക്രമങ്ങൾ ഇനിയും അവസാനിച്ചിട്ടില്ലെന്ന് സൂചിപ്പിക്കുന്ന പുതിയ റിപ്പോർട്ടുകൾ ലഭിച്ചിട്ടുണ്ടെന്നും അറിയിച്ചു. ‘അക്രമം തടയാൻ അടിയന്തര നടപടികൾ കൈക്കൊള്ളുകയും അത് സംബന്ധിച്ച റിപ്പോർട്ട് ഉടൻ അയയ്ക്കുകയും വേണം,’ അജയ് ഭല്ല സൂചിപ്പിക്കുന്നു.

