വടകര: റവല്യൂഷണറി മാർക്സിസ്റ്റ് പാർട്ടി നേതാവ് ടി പി ചന്ദ്രശേഖരന് കൊല്ലപ്പെട്ടിട്ട് 2021 മെയ് 4 നേക്ക് ഒന്‍പത് വര്‍ഷം പൂർത്തിയായി. ചന്ദ്രശേഖരന്റെ ഭാര്യ കെ കെ രമ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആര്‍എംപിക്ക് വേണ്ടി വടകരയിൽ മത്സരിച്ച് വിജയിച്ച പശ്ചാത്തലത്തില്‍ കൂടിയാണ് ഇത്തവണ ഓർമ്മ ദിനം കടന്നുപോകുന്നത്.
2012 മെയ് നാലിനാണ് ടി പി ചന്ദ്രശേഖരനെ രാഷ്ട്രീയ എതിരാളികളുടെ ക്വട്ടേഷൻ സംഘം അതിക്രൂരമായി വെട്ടിക്കൊന്നത്. വടകര വള്ളിക്കാട് ജംഗ്ഷനില്‍ വെച്ച് ഇന്നോവ കാറിലെത്തിയ സംഘം ചന്ദ്രശേഖരനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
കൊലപാതകത്തിന് പിന്നില്‍ സിപിഐഎം ആണെന്ന ആരോപണം വ്യാപകമായി ഉയര്‍ന്നു. സിപിഐഎം ഒഞ്ചിയം ഏരിയ കമ്മിറ്റി അംഗമായിരുന്ന ചന്ദ്രശേഖരന് ഏറാമല പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ജനതാദളിന് വിട്ടുകൊടുക്കാനുള്ള തീരുമാനത്തിനെതിരെ നേതൃത്വവുമായി കലഹിച്ച് 2009ല്‍ പാര്‍ട്ടി വിടുകയും റെവല്യൂഷണറി മാര്‍ക്സിസ്റ്റ് പാര്‍ട്ടി രൂപീകരിക്കുകയും ചെയ്യുകയായിരുന്നു.ചന്ദ്രശേഖരന്റെ കൊലപാതകം സി പി എമ്മിനെ ചരിത്രത്തിൽ മുൻപില്ലാത്ത വിധം പ്രതിക്കൂട്ടിലാക്കിയിരുന്നു.

