കൊവിഡ് നിയന്ത്രണങ്ങളുടെ പേരില്‍ ജനങ്ങളോട് അപമര്യാദയായി പെരുമാറരുത്; പൊലീസിന് ഹൈക്കോടതിയുടെ കർശന നിർദേശം

കൊച്ചി: കൊവിഡ് നിയന്ത്രണങ്ങളുടെ പേരില്‍ ജനങ്ങളോട് പൊലീസ് അപമര്യാദയായി പെരുമാറരുതെന്ന് ഹൈക്കോടതി. മാസ്‌ക് ധരിക്കാത്തവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കാം. എന്നാല്‍ ശാരീരികമായി ഉപദ്രവിക്കാനോ അപമര്യാദയായി പെരുമാറാനോ പാടില്ലെന്ന് ഡിവിഷന്‍ ബെഞ്ച് 04/05/21 ചൊവ്വാഴ്ച വ്യക്തമാക്കി.

മാസ്‌ക് ധരിച്ചില്ലെന്നാരോപിച്ച് എറണാകുളം മുനമ്പം പൊലീസ് കസ്റ്റഡിയിലെടുത്ത് പീഡിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടി കോഴിക്കോട് സ്വദേശിയായ കാര്‍ ഡ്രൈവര്‍ വൈശാഖ് ആണ് കോടതിയെ സമീപിച്ചത്.

ഏപ്രില്‍ പതിനാറിന് രണ്ട് പൊലീസുകാര്‍ മുനമ്പം സ്റ്റേഷനില്‍ വെച്ച് മര്‍ദ്ദിച്ചെന്നും ഇവര്‍ക്കെതിരെ കേസ് എടുക്കണമെന്നും ഹരജിക്കാരന്‍ ആവശ്യപ്പെട്ടു. സംഭവത്തിന്റെ നിജസ്ഥിതി അന്വേഷിച്ച് ഉടന്‍ റിപ്പോര്‍ട്ട് നല്‍കാന്‍ കോടതി ഡി.ജി.പിയ്ക്ക് നിര്‍ദ്ദേശം നല്‍കി.

കൊവിഡ് പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് ലോക്ക് ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. മെയ് നാല് മുതല്‍ ഒന്‍പത് വരെയാണ് നിയന്ത്രണങ്ങള്‍. ഈ ദിവസങ്ങളില്‍ അനാവശ്യമായി ആരെയും വീടിന് പുറത്തിറങ്ങാന്‍ അനുവദിക്കില്ല. അടഞ്ഞ സ്ഥലങ്ങളില്‍ കൂട്ടം കൂടാനും അനുമതി ഇല്ല.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →