കോവിഡ് ബാധിച്ച ജീവനക്കാരെ പുറത്താക്കി ഉടമ സ്ഥലം വിട്ടു

കുന്നംകുളം; കോവിഡ് സ്ഥിരീകരിച്ച മൂന്നുജീവനക്കാരെ പുറത്താക്കി കടയടച്ച ഉടമസ്ഥന്‍ സ്ഥലം വിട്ടു. തുടര്‍ന്ന് രണ്ട് വനിതകള്‍ ഉള്‍പ്പെടെയുളള ജീവനക്കാര്‍ മൂന്നുമണിക്കൂറോളം എന്തുചെയ്യണമെന്നറിയാതെ കടവരാന്തയില്‍ ഇരിക്കേണ്ടിവന്നു. കുന്നംകുളം ബൈജു റോഡിലെ സ്ഥാപനത്തിലാണ് സംഭവം.

പിന്നീട് ചുമട്ടുതൊഴിലാളികള്‍ മുഖാന്തിരം സംഭവം അറിഞ്ഞ നഗരസഭാ അധികൃതര്‍ ജീവനക്കാരെ ആംബുലന്‍സില്‍ നഗരസഭ വക ഡൊമിസിലിയറി കെയര്‍ സെന്ററിലേക്ക് മാറ്റുകയായിരുന്നു. നഗരസഭ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എം.എസ് ഷീബ, കണ്‍ട്രോള്‍ റും ചുമതലക്കാരനായ കെഎസ് സുമന്‍ എന്നിവര്‍ ചേര്‍ന്നാണ് ഇവരെ കെയര്‍ സെന്ററിലെത്തിച്ചത്.

ഇവരില്‍ ഒരു സ്ത്രീ അവശയായതിനാല്‍ പിന്നീട് നഗരസഭ ചെയര്‍ പേഴ്‌സണ്‍ സീതാ രവീന്ദ്രന്‍ ഇടപെട്ട് മൂവരേയും താലൂക്ക് ആശുപത്രിയിലെ എസ്എഫ്എല്‍ടിസിയിലേക്ക് മാറ്റി . ജീവനക്കാരെ വഴിയില്‍ ഉപേക്ഷിച്ച കച്ചവടക്കാരന്‍റെ ലൈസന്‍സ് റദ്ദാക്കാതിരിക്കാന്‍ കാരണം ബോധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയതായി നഗരസഭ സെക്രട്ടറി ടികെ സുജീത് അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →