ഹോം ഡെലിവറി തത്ക്കാലം ഇല്ല, നിയമം മാറ്റാന്‍ കാവല്‍സര്‍ക്കാരിനാവില്ല

തിരുവനന്തപുരം: മദ്യം ഹോം ഡെലിവറി നടത്താനുളള ബിവറേജസ് കോര്‍പ്പറേഷന്റെ നീക്കം തല്‍ക്കാലം നടപ്പാകില്ല. നിയമ സാധുത നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം എടുത്തിട്ടില്ലെന്ന് എക്‌സൈസ് മന്ത്രിയുടെ ഓഫീസ് അറിയിച്ചു.

ഹോംഡെലിവറിക്കായി എക്‌സൈസ് നിയമത്തില്‍ ഭേതഗതി വരുത്തേണ്ടതുണ്ട്. കാവല്‍ സര്‍ക്കാരിന് ഇക്കാര്യത്തില്‍ നയപരമായ തീരുമാനം എടുക്കാനാവുകയില്ല. കര്‍ണാടകയിലെ ഓണ്‍ലൈന്‍ മദ്യ വില്‍പ്പന നീക്കം ഹൈക്കോടതി തടഞ്ഞിട്ടുണ്ട്. ദുരുപയോഗ സാധ്യതയുളളതിനാല്‍ ഭരണഘടനയുടെ 47-ാം അനുഛേദത്തിന് എതിരാണെന്ന വിലയിരുത്തലുമുണ്ട്.

ഇതിനിടെ ഓണ്‍ലൈന്‍ വഴി മദ്യം വീട്ടിലെത്തിക്കാനുളള നീക്കത്തില്‍ നിന്ന് ബെവ്‌കോ പിന്‍മാറണമെന്ന് കെസിബിസി മദ്യവിരുദ്ധസമിതി ആവശ്യപ്പെട്ടിട്ടുണ്ട്. കോവിഡ് തരംഗത്തില്‍ വിറങ്ങലിച്ചുനില്‍ക്കുന്ന കേരളത്തിലെ വീടുകളെ ബാറാക്കാനുളള നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവും പ്രചരണവും സംഘടിപ്പിക്കുമെന്ന് കെസി ബിസി പറയുന്നു.പ്രതിപക്ഷ യൂണിയനുകളും ഈ നീക്കത്തെ എതിര്‍ത്തിട്ടുണ്ട്.

കോവിഡ് തീവ്ര വ്യാപനത്തിന്റെ പാശ്ചാത്തലത്തില്‍ കടുത്ത നിയന്ത്രണങ്ങളുടെ ഭാഗമായിട്ടാണ് മദ്യ വില്‍പ്പനശാലകള്‍ അടച്ചത്. എന്നാല്‍ ബിവറേജസ് കോര്‍പ്പറേഷന്റെ വരുമാനം ഉറപ്പാക്കാനും വ്യാജ മദ്യം തടയാനുമാണ് ഹോം ഡെലിവറി സംവിധാനം നടപ്പിലാക്കാന്‍ വെബ്‌കോ ഒരുങ്ങുന്നത്. ഓണ്‍ലൈന്‍ ഭക്ഷണ വിതരണ ഏജന്‍സികള്‍ വഴി മദ്യം വീടുകളിലെത്തിക്കാനായിരുന്നു പദ്ധതി. ഇതുസംബന്ധിച്ച് വിവിധ ഏജന്‍സികളുമായി വെബ്‌കോ ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്.

Share
അഭിപ്രായം എഴുതാം