ആർ.ടി.പി.സി.ആർ ടെസ്റ്റിന് കേരളത്തിലെ സ്വകാര്യ ലാബുകൾ ഈടാക്കുന്നത് അന്യായവില, നിയന്ത്രിക്കാൻ നടപടി സ്വീകരിക്കാതെ സംസ്ഥാന സർക്കാർ

തിരുവനന്തപുരം: കോവിഡ് മഹാമാരിയുടെ രണ്ടാം തരം​ഗം അതിശക്തമായി തുടരുകയും പ്രതിദിന കേസുകൾ 20000 കടക്കുകയും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 22.71% ആയി വർദ്ധിക്കുകയും ചെയ്ത സാഹചര്യത്തിൽ കോവിഡ് പരിശോധനയുടെ നിരക്കിൽ കുറവു വരുത്താൻ തയ്യാറാകാതെ സംസ്ഥാനത്തെ സ്വകാര്യ ലാബുകൾ.

ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഏറ്റവും ഉയർന്ന നിരക്കാണ് ആർ.ടി.പി.സി.ആർ (Reverse transcription polymerase chain reaction) ടെസ്റ്റിന് കേരളത്തിലെ സ്വകാര്യ ആശുപത്രികളും ലാബുകളും ഈടാക്കുന്നത്. ഇതിൽ ഏറ്റവും താഴ്ന്ന നിരക്ക് നിശ്ചയിച്ചിരിക്കുന്നത് ഒഡീഷ സർക്കാരാണ്. 400 രൂപയാണ് ജിഎസ് ടി ഉൾപ്പെടെ ആർ.ടി.പി.സി.ആർ ടെസ്റ്റിന് വാങ്ങാൻ പാടുള്ളൂ എന്ന് ഒരു ഉത്തരവിലൂടെ ഒഡീഷ സർക്കാർ സ്വകാര്യ ആശുപത്രികളെ അറിയിച്ചിട്ടുണ്ട്.

മറ്റ് സംസ്ഥാനങ്ങളിൽ യഥാക്രമം 500-800 (മഹാരാഷ്ട്ര), 500-700 (യുപി), 500 (ഹരിയാന) (2), 500 (തെലങ്കാന), 800-1200 (ദില്ലി) (3) എന്നിങ്ങനെയാണ് നിരക്ക് നിശ്ചയിച്ചിരിക്കുന്നത്.

എന്നാൽ, ഇതേസമയം കേരളത്തിലെ സ്വകാര്യ ആശുപത്രികളിൽ ഈ നിരക്ക് 1700 രൂപയാണ്.

കേരളം, ഒഡീഷ, ദില്ലി എന്നിവയടക്കം ഒട്ടനവധി സംസ്ഥാനങ്ങളിൽ സർക്കാർ ആശുപത്രികളിൽ ആർ.ടി.പി.സി.ആർ ടെസ്റ്റ് സൗജന്യമായാണ് നടത്തിവരുന്നത്.

ആർ.ടി.പി.സി.ആർ ടെസ്റ്റിന് തുടക്കത്തിൽ ഏർപ്പെടുത്തിയിരുന്ന നിരക്ക് 4500-5000 രൂപയായിരുന്നു. ഇത് സർക്കാർ ഇടപെട്ട് വെട്ടിച്ചുരുക്കുകയായിരുന്നു ചെയ്തിരുന്നത്. ഒഡീഷയിലെ ഉദാഹരണമെടുക്കുകയാണെങ്കിൽ 4500 ൽ നിന്ന് 2200 ലേക്കും പിന്നീട് 1200രൂപയിലേക്കും ഏറ്റവും ഒടുവിൽ 400 രൂപയിലേക്കും ടെസ്റ്റ് നിരക്ക് താഴ്ത്തിക്കൊണ്ട് ​ഗവൺമെന്റ് നോട്ടിഫിക്കേഷൻ ഇറക്കുകയാണുണ്ടായത്.

ഇക്കഴിഞ്ഞ ഫെബ്രുവരി എട്ടാം തീയ്യതി കേരള ഹൈക്കോടതിയുടെ ഉത്തരവിനെത്തുടർന്ന് 1500 രൂപയുണ്ടായിരുന്ന ടെസ്റ്റ് നിരക്ക് 1700 രൂപയായി ഉയർത്തുകയാണ് കേരള സർക്കാർ ചെയ്തത്.

ആർ.ടി.പി.സി.ആർ കിറ്റിൻ്റെ വില 1200 രൂപയിൽ നിന്നും കേവലം 46 രൂപയായി താഴ്ത്തിയിട്ടുണ്ട്. RNA extraction ചാർജ്ജടക്കം 200 രൂപ മാത്രമാണ് ടെസ്റ്റിൻ്റെ ചെലവ് എന്നാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്. ഇത് പരി​ഗണിച്ചാൽ കേരളത്തിലെ സ്വകാര്യ ആശുപത്രികൾ ഈടാക്കുന്ന നിരക്ക് തികച്ചും അന്യായമാണെന്ന് കാണാൻ കഴിയും.

പ്രതിദിന ടെസ്റ്റുകളുടെ എണ്ണം വർദ്ധിച്ചതോടുകൂടി കേരള മെഡിക്കൽ സർവ്വീസസ് കോർപ്പറേഷൻ ലിമിറ്റഡ് (KMSCL) പുറത്തുനിന്നും സ്വകാര്യ മൊബൈൽ ടെസ്റ്റിം​ഗ് ലാബുകളെ ഏർപ്പെടുത്തുകയുണ്ടായി. സാൻഡർ മെഡിക്എയ്ഡ്സ് പ്രൈവറ്റ് ലിമിറ്റഡ് (Sandor Medicaids pvt ldt) എന്ന സ്ഥാപനം 448.2 രൂപയ്ക്ക് ടെസ്റ്റ് സർക്കാരിന് വേണ്ടി പരിശോധന നടത്തിയിരുന്നത്. ഇതിനർത്ഥം ഒരു സ്വകാര്യ സ്ഥാപനത്തിന് തങ്ങളുടെ ലാഭവിഹിതം ഏർപ്പെടുത്തിയാൽ തന്നെയും 450 രൂപയ്ക്ക് കേരളത്തിൽ പരിശോധന നടത്താൻ സാധിക്കും എന്നതാണ് .

വസ്തുതകൾ ഇതായിരിക്കെ ദേശീയ ദുരന്തമായി മാറിയിരിക്കുന്ന കോവിഡിന്റെ പശ്ചാത്തലത്തിൽ സ്വകാര്യ ആശുപത്രികൾ അന്യായമായ നിരക്കുകൾ ഏർപ്പെടുത്തുന്നത് തടയാൻ സർക്കാർ അടിയന്തിരമായി ഇടപെടേണ്ടതുണ്ട് എന്നാണ് ജനകീയാരോഗ്യ പ്രവർത്തകർ ആവശ്യപ്പെടുന്നത്.

നിലവിലുള്ള കോടതി വിധിയെ ചോദ്യം ചെയ്തുകൊണ്ട്, ശരിയായ വസ്തുതകൾ കോടതിയെ ബോധിപ്പിച്ചുകൊണ്ട് നിരക്കുകൾ പുതുക്കി നിശ്ചയിക്കാനുള്ള നടപടികൾ ആരംഭിക്കേണ്ടതുണ്ടെന്നും ജനകീയാരോ​ഗ്യ പ്രവർത്തകർ പറയുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →