കൊല്ലം: ജില്ലയില്‍ കോവിഡ് മാനദണ്ഡ ലംഘനവുമായി ബന്ധപ്പെട്ട താലൂക്കുതല സ്‌ക്വാഡ് പരിശോധനയില്‍ വിവിധ ഇടങ്ങളിലായി 26 കേസുകള്‍ക്ക് പിഴചുമത്തി. ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍, ഡെപ്യൂട്ടി കലക്ടര്‍മാര്‍, തഹസില്‍ദാര്‍മാര്‍, സെക്ടറല്‍ മജിസ്‌ട്രേറ്റുമാര്‍ എന്നിവരുള്‍പ്പെട്ട സംഘങ്ങളാണ് പൊതു ഇടങ്ങള്‍, വ്യാപാരസ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ പരിശോധന നടത്തുന്നത്. കൊട്ടാരക്കര തഹസീല്‍ദാര്‍ ശ്രീകണ്ഠന്‍ നായര്‍, ഡെപ്യൂട്ടി തഹസീല്‍ദാര്‍ ജി. അജേഷ്, സെക്ടറല്‍ മജിസ്ട്രേറ്റ് പുഷ്പരാജന്‍, സബ് ഇന്‍സ്പെക്ടര്‍ ഷിബു എന്നിവരുടെ നേതൃത്വത്തില്‍ കൊട്ടാരക്കര ടൗണില്‍ നടന്ന പരിശോധനയില്‍ ഏഴു പേര്‍ക്ക് പിഴ ചുമത്തുകയും 20 കേസുകള്‍ക്ക് താക്കീത് നല്‍കുകയും ചെയ്തു. താലൂക്ക് ഓഫീസ് ജീവനക്കാരായ സുനില്‍, റെജി എന്നിവരും പരിശോധനയില്‍ പങ്കെടുത്തു.
കരുനാഗപ്പള്ളി, ഓച്ചിറ, എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനയില്‍ 16 കോവിഡ് മാനദണ്ഡ ലംഘനങ്ങള്‍ കണ്ടെത്തുകയും 13 എണ്ണത്തിന് പിഴ ചുമത്തുകയും ചെയ്തു.
പുനലൂര്‍ താലൂക്കിലെ ആയൂര്‍, തടിക്കാട്, ഇടമുളയ്ക്കല്‍, പനച്ചവിള, വയക്കല്‍, പൊലിക്കോട് എന്നിവിടങ്ങളിലായി ഡെപ്യൂട്ടി തഹസില്‍ദാര്‍ ടി. വിനോദിന്റെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ കോവിഡ് മാനദണ്ഡ ലംഘനവുമായി ബന്ധപ്പെട്ട് നാല് കേസുകളില്‍ പിഴ ഈടാക്കി. 22 കേസുകളില്‍ താക്കീത് നല്‍കി. സെക്ടറല്‍ മജിസ്‌ട്രേറ്റ് ഷൈജു, പൊലീസ്, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു. നാളെ(ഏപ്രില്‍ 29) പുനലൂര്‍ സൗപര്‍ണിക ഓഡിറ്റോറിയത്തില്‍ നടത്തുന്ന കോവിഡ് മെഗാ ടെസ്റ്റിന്റെ ഭാഗമായി പുനലൂര്‍ ടൗണില്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ ടി. വിനോദ്, മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ മിനി എബ്രഹാം, കൗണ്‍സിലര്‍മാര്‍, പൊലീസ് ആരോഗ്യവിഭാഗം ഉദ്യോഗസ്ഥര്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തി.
കുന്നത്തൂരില്‍ മൈനാഗപ്പള്ളി, പടിഞ്ഞാറേകല്ലട, കടപുഴ, പോരുവഴി എന്നിവിടങ്ങളില്‍ നടന്ന പരിശോധനയില്‍ 67 കേസുകളില്‍ താക്കീത് നല്‍കുകയും രണ്ടെണ്ണത്തിന് പിഴ ചുമത്തുകയും ചെയ്തു. ജൂനിയര്‍ സൂപ്രണ്ട് ദീപ്തി പരിശോധനക്ക് നേതൃത്വം നല്‍കി. പത്തനാപുരത്ത് ഡെപ്യൂട്ടി തഹസില്‍ദാര്‍ ഷാജി ബേബിയുടെ നേതൃത്വത്തില്‍ പിറവന്തൂര്‍, പുന്നല, അലിമുക്ക് എന്നിവിടങ്ങളില്‍ പരിശോധന നടത്തി. 14 കേസുകളില്‍ താക്കീത് നല്‍കി. കൊല്ലത്ത് ഡെപ്യൂട്ടി തഹസില്‍ദാര്‍ ഡോണല്‍ ലാസിന്റെ നേതൃത്വത്തില്‍ ചിന്നക്കട, ഹൈസ്‌കൂള്‍ ജംഗ്ഷന്‍, വാടി എന്നിവിടങ്ങളിലെ 28 വ്യാപാരസ്ഥാപനങ്ങളില്‍ നടന്ന പരിശോധനയില്‍ ആറു കേസുകള്‍ക്ക് താക്കീത് നല്‍കി.