ന്യൂഡല്‍ഹി: ഓക്‌സിജന്‍ ക്ഷാമം സംബന്ധിച്ച് അഭ്യൂഹങ്ങള്‍ പരത്തുന്നവരുടെ സ്വത്ത് കണ്ടുകെട്ടുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഇതു സംബന്ധിച്ച നിർദേശം അദ്ദേഹം ഉദ്യോഗസ്ഥർക്ക് നൽകി. കോവിഡ് ക്രമാതീതമായി വർധിക്കുന്ന സാഹചര്യത്തിൽ യുപിയിലെ ആശുപത്രികളില്‍ ഓക്‌സിജന്‍ ക്ഷാമം നേരിടുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് യോഗിയുടെ നീക്കം.
ആശുപത്രികളിൽ ഓക്സിജൻ ക്ഷാമമില്ലെന്ന് 26/04/21 തിങ്കളാഴ്ച തെരഞ്ഞെടുത്ത മാധ്യമപ്രവർത്തകർക്കായി അനുവദിച്ച ഓൺലൈൻ യോഗത്തിൽ യോഗി പറഞ്ഞു. സമൂഹ മാധ്യമങ്ങളിലൂടെ അഭ്യൂഹങ്ങൾ പരത്തി സർക്കാറിന്റെ പ്രതിഛായ തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരേ ദേശീയ സുരക്ഷാ നിയമം ചുമത്തി കേസെടുക്കാനും അവരുടെ സ്വത്ത് പിടിച്ചെടുക്കാനുമാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശം.
ഉത്തര്‍പ്രദേശിലെ സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികളില്‍ യാതൊരു ഓക്‌സിജന്‍ ക്ഷാമവും നേരിടുന്നില്ല. പ്രശ്‌നം പൂഴ്ത്തിവെപ്പും കരിഞ്ചന്തയുമാണെന്നും ഇവയെ കര്‍ശനമായി നേരിടുമെന്നും യോഗി വ്യക്തമാക്കി. ഓക്സിജൻ ക്ഷാമമുണ്ടെന്ന് പറയുന്ന സ്വകാര്യ ആശുപത്രികളിൽ പരിശോധന നടത്തിയപ്പോൾ ക്ഷാമമില്ലെന്ന് കണ്ടെത്താനായിട്ടുണ്ടെന്നും യോഗി മാധ്യമ പ്രവർത്തകരോട് പറഞ്ഞു.

