തിരുവനന്തപുരം: ചിറ്റൂർ കുതിരയോട്ടത്തിന്റെ സംഘാടകരായ 25 പേർക്കും കാണികളായ 200 പേർക്കുമെതിരെ കേസെടുത്തു. മുഖ്യമന്ത്രി പിണറായി വിജയനാണ് ശനിയാഴ്ച(24/04/21) വൈകിട്ട് വാർത്താ സമ്മേളനത്തിൽ ഇക്കാര്യം അറിയിച്ചത്.
വിലക്ക് ലംഘിച്ച് 20 ഓളം കുതിരകളെ പങ്കെടുപ്പിച്ച ചിറ്റൂർ ഉത്സവവുമായി ബന്ധപ്പെട്ട് മൂന്ന് കേസുകൾ എടുത്തിട്ടുണ്ട്. 8 പേരെയാണ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടത്. ആയിരത്തോളം പേർ പങ്കെടുത്തിരുന്നു. ഇതിൽ 200 പേർക്കെതിരെയാണ് കേസെടുത്തത്.
ശനിയാഴ്ചയാണ് പാലക്കാട് തത്തമംഗലത്ത് കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് കുതിരയോട്ട മത്സരം നടത്തിയത്. തത്തമംഗലം അങ്ങാടി വേലയോടനുബന്ധിച്ചാണ് കുതിരയോട്ടം നടന്നത്. ഒടുവിൽ പൊലീസെത്തിയാണ് കുതിരയോട്ടം നിർത്തിവയ്പ്പിച്ചത്.
ഒരു കുതിരയെ മാത്രംവച്ച് കുതിരയോട്ടം നടത്താനായിരുന്നു പൊലീസിന്റെ അനുമതി. എന്നാൽ കൊവിഡ് മാനദണ്ഡങ്ങളെല്ലാം ലംഘിച്ച് ആൾക്കൂട്ടത്തിന് നടുവിലൂടെ നിരവധി കുതികളെ ഇറക്കിയായിരുന്നു ആഘോഷം. ഒടുവിൽ പരാതി ഉയർന്നപ്പോൾ പൊലീസ് ഇടപെടുകയായിരുന്നു. പൊലീസ് എത്തിയതോടെ കുതിരയോട്ടം നിർത്തി. സംഘാടകരും നാട്ടുകാരുമടക്കം നൂറോളം പേർക്കെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു.