ന്യൂഡൽഹി: ഹരിയാനയിൽ കൊവിഡ് വാക്‌സിൻ മോഷണം പോയി. ജിന്ദിലെ സിവിൽ ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന 1710 ഡോസ് വാക്‌സിനാണ് മോഷണം പോയത്.
ഏപ്രിൽ 21 ബുധനാഴ്ചയാണ് സംഭവം നടന്നത്. ആശുപത്രിയിലെ സ്റ്റോർ റൂം തുറന്ന്, ഡീപ്പ് ഫ്രീസറിൽ വച്ച വാക്‌സിനാണ് മോഷ്ടാക്കൾ കവർന്നത്. മോഷണം പോയ വാക്‌സിനുകളിൽ 1270 ഡോസ് കൊവിഷീൽഡ്, 440 ഡോസ് കൊവാക്‌സിനുമാണ് ഉണ്ടായിരുന്നത്.
സ്റ്റോർ റൂമിൽ മറ്റ് ചില വാക്‌സിനുകൾ ഉണ്ടായിരുന്നെങ്കിലും കൊവിഡ് വാക്‌സിൻ മാത്രമാണ് മോഷ്ടാക്കൾ കവർന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ കൊവിഡ് വാക്‌സിൻ ലക്ഷ്യമിട്ടാണ് മോഷ്ടാക്കൾ എത്തിയതെന്ന് വ്യക്തമായതായി ആശുപത്രി അധികൃതർ പറഞ്ഞു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.