ന്യൂഡൽഹി: കോവിഡ് വാക്സിൻ വിതരണത്തിന്റെ മൂന്നാംഘട്ടത്തിൽ ദേശീയ വാക്സിനേഷൻ നയത്തിൽ അടിമുടി മാറ്റം വരുത്തി കേന്ദ്ര സർക്കാർ. മെയ് ഒന്ന് മുതലാകും ഈ മാറ്റങ്ങൾ പ്രാബല്യത്തിൽ വരിക. മെയ് ഒന്നു മുതൽ സംസ്ഥാന സർക്കാരുകൾക്ക് നിർമാതാക്കളിൽ നിന്ന് വാക്സിൻ നേരിട്ട് വാങ്ങാം.
രാജ്യത്തെ വാക്സിൻ നിർമാതാക്കൾ ആകെ ഉത്പാദിപ്പിക്കുന്ന ഡോസുകളുടെ 50 ശതമാനം മാത്രം കേന്ദ്ര സർക്കാരിന് നൽകിയാൽ മതിയാകും. അവശേഷിക്കുന്ന 50 ശതമാനത്തിൽ നിന്ന് സംസ്ഥാന സർക്കാരുകൾക്കും സ്വകാര്യ ആശുപത്രികൾക്കും മറ്റു സ്ഥാപനങ്ങൾക്കും വാക്സിൻ വാങ്ങാം.
രാജ്യത്ത് രോഗ വ്യാപനം തീവ്രമായി തുടരുന്ന സാഹചര്യത്തിൽ ആവശ്യക്കാരുടെ എണ്ണവും കുത്തനെ കൂടാനിടയുണ്ട്.
മുൻകൂട്ടി നിശ്ചയിച്ച തുകയ്ക്കാകും സംസ്ഥാന സർക്കാരുകൾക്ക് നിർമാതാക്കളിൽ നിന്ന് വാക്സിൻ വാങ്ങാനാകുക. വാക്സിൻ സൗജന്യമായി നൽകണോ പണം ഈടാക്കണോ എന്നതെല്ലാം ഇതോടെ സംസ്ഥാന സർക്കാരുകൾക്ക് തീരുമാനിക്കാമെന്നാകും.