ന്യൂഡല്‍ഹി: കോവിഡ് വായുവിലൂടെയും പകരുമെന്ന് എയിംസ് മേധാവിയും കോവിഡ് ദൗത്യ സംഘാംഗവുമായ ഡോ. രണ്‍ദീപ് ഗുലേറിയ. കോവിഡിന്റെ രണ്ടാം തരംഗത്തില്‍ കഴിഞ്ഞ നാലുദിവസമായി പ്രതിദിനം രണ്ടുലക്ഷത്തിലധികം പുതിയ കോവിഡ് കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്ന സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. സര്‍ജിക്കല്‍ മാസ്‌കോ, ഡബിള്‍ലെയര്‍ മാസ്‌ക്കോ നിര്‍ബന്ധമായി ഉപയോഗിക്കണമെന്നും അടച്ചിട്ട മുറികളില്‍ ആള്‍ക്കൂട്ടം പാടില്ലെന്നും അദ്ദേഹം പറഞ്ഞു.
പൊസിറ്റീവായ ഒരാളില്‍നിന്ന് ഒരാള്‍ പത്തുമീറ്റര്‍ അകലെ ഇരിക്കുകയാണെങ്കിലും രോഗം വരാനിടയില്ല. എയറോസോളിന് കൂടുതല്‍ ദൂരം സഞ്ചരിക്കാമെന്നും ഒരാള്‍ക്ക് ചുമ അല്ലെങ്കില്‍ തുമ്മല്‍ ഉണ്ടെങ്കില്‍ അത് കൂടുതല്‍ നേരം നീണ്ടുനില്‍ക്കാമെന്നും അദ്ദേഹം പറയുന്നു. കൊറോണാ വൈറസ് വായുവിലൂടെ പടരുന്നുവെന്ന് കഴിഞ്ഞ വര്‍ഷം നിരവധി ഗവേഷകര്‍ പറഞ്ഞിരുന്നു. എന്നാല്‍ ലോകാരോഗ്യ സംഘടന ഇത് പാടെ തളളിയിരുന്നു.