പൂരത്തിന്‍റെ ആഘോഷങ്ങള്‍ക്ക്‌ മാറ്റുകുറക്കില്ലെന്ന് ദേവസ്വം ഭാരവാഹികള്‍

തൃശൂര്‍: സര്‍ക്കാര്‍ നിബന്ധനകള്‍ പാലിച്ച്‌ തൃശൂര്‍ പൂരത്തിനുളള നടപടിക്രമങ്ങളുമായി മുന്നോട്ടുപോകുമെന്ന്‌ ജില്ലാ ഭരണകൂടം. പൂരത്തിന്‍റെ ആഘോഷങ്ങള്‍ക്ക്‌ മാറ്റുകുറക്കില്ലെന്നും എന്നാല്‍ കോവിഡ്‌ മാനദണ്ഡങ്ങള്‍ക്ക്‌ പ്രഥമ പരിഗണന നല്‍കുമെന്നും സര്‍ക്കാര്‍ നിബന്ധനകള്‍ പാലിച്ചുതന്നെ പൂരം നടത്താനാണ്‌ തീരുമാനമെന്നും ദേവസ്വം ഭാരവാഹികള്‍ പറഞ്ഞു. പാറമേക്കാവ്‌, തിരുവമ്പാടി ദേവസ്വം ഭാരവാഹികളുമായും മറ്റ്‌ ഉന്നത വകുപ്പു മേധാവികളുമായും ജില്ലാ കളക്ടര്‍ എസ്‌ ഷാനവാസ്‌ നടത്തിയ അവലോഹന യോഗത്തിലാണ്‌ തീരുമാനം.

ഇതിന്‍റെ ഭാഗമായി പ്രധാന ആഘോഷ ചടങ്ങുകള്‍ നടക്കുന്ന ഭാഗങ്ങളില്‍ ബാരിക്കേടുകള്‍ കെട്ടി ആളുകളെ നിയന്ത്രിക്കും. പൂരത്തിനെത്തുന്നവര്‍ക്ക്‌ ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റ്‌ നിര്‍ബന്ധമാക്കും. ഇത്‌ പരിശോധിക്കുന്നതിനായി ജില്ലാ പോലീസ്‌ വിഭാഗം ,ആരോഗ്യ വിഭാഗം എന്നിവരുടെ നേതൃത്വത്തില്‍ പുരപ്പറമ്പില്‍ വിപുലമായ സൗകര്യങ്ങള്‍ സജ്ജമാക്കും. പൂരത്തിനെഴുന്നെളളിക്കുന്ന ആനകളുടെ പാപ്പാന്മാര്‍ക്ക്‌ രണ്ടുഡോസ്‌ വാക്‌സിന്‍ നിര്‍ബന്ധമാക്കും. പാപ്പാന്‌ കോവിഡ്‌ പോസിറ്റീവായാല്‍ ആനയെ എഴുന്നെളളിപ്പില്‍ നിന്ന് മാറ്റി നിര്‍ത്തുമെന്നും കളക്ടര്‍ ഇരുദേവസ്വങ്ങളേയും അറിയിച്ചു. എന്നാല്‍ ഈ തീരുമാനം പുനഃപരിശോധിക്കമമെന്ന്‌ ഇരുദേവസ്വങ്ങളുടെയും യോഗത്തില്‍ ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ ദേവസ്വങ്ങളുടെഈ താത്‌പര്യം അടുത്ത ദിവസം നടക്കുന്ന ചീഫ്‌ സെക്രട്ടറിയുടെ യോഗത്തില്‍ അറിയിക്കാമെന്ന്‌ ജില്ലാ കളക്ടര്‍ വ്യക്തമാക്കി. പൂരം വെടിക്കെട്ടിന്‍റെ സമയക്രമവും നിയന്ത്രണങ്ങള്‍ സംബന്ധിച്ചുളള വിവരങ്ങളും അതോടൊപ്പം തീരുമാനമുണ്ടാക്കാമെന്നും കളക്ടര്‍ പറഞ്ഞു. ഒപ്പം പൂരപ്പറമ്പില്‍ നടത്തേണ്ട ഒരുക്കങ്ങള്‍ ജില്ലാ ഭരണകൂടത്തിന്‍റെ നേതൃത്വത്തില്‍ നടത്താമെന്നും കലക്ടര്‍ വ്യക്തമാക്കി. ദേവസ്വം കലാകാരന്മാര്‍ക്ക്‌ ഭക്ഷണം വിതരണം ചെയ്യുന്നതില്‍ കോവിഡ്‌ നിബന്ധനകള്‍ ഇല്ലെന്നും എന്നാല്‍ നിയന്ത്രണങ്ങള്‍ പാലിക്കണമെന്നും കളക്ടര്‍ വ്യക്തമാക്കി.

യോഗത്തില്‍ ജില്ലാ പോലീസ്‌ മേധാവി ആര്‍.ആദിത്യ ,ദേവസ്വം കമ്മീഷണര്‍ എന്‍. .ജ്യോതി, പാറമേക്കാവ്‌ ദേവസ്വം സെക്രട്ടറി ജി.രാജേഷ്‌, തിരുവമ്പാടി ദേവസ്വം സെക്രട്ടറി രവികുമാര്‍, അസി. ഫോറസ്‌റ്റ്‌ കണ്‍സര്‍വേറ്റര്‍ പ്രഭു തുടങ്ങിയവര്‍ പങ്കെടുത്തു.

Share
അഭിപ്രായം എഴുതാം