മുംബൈ : കേരളം ഉൾപ്പെടെ ആറു സംസ്ഥാനങ്ങളെ കോവിഡിൻ്റെ ‘ തീവ്ര പ്രഭവകേന്ദ്രം’ ആയി പ്രഖ്യാപിച്ച് മഹാരാഷ്ട്ര. കേരളത്തിനു പുറമേ കോവിഡ് കേസുകൾ കൂടുതൽ റിപ്പോർട് ചെയ്യപ്പെടുന്ന ഗുജറാത്ത്, ഗോവ, ഡൽഹി, രാജസ്ഥാൻ, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളെയാണ് ‘സെൻസിറ്റീവ് ഒറിജിൻ’ ആയി പ്രഖ്യാപിച്ച് 18/04/21 ഞായറാഴ്ച മഹാരാഷ്ട്ര ചീഫ് സെക്രട്ടറി ഉത്തരവിറക്കിയത്.
കോവിഡ് രൂക്ഷമായ മഹാരാഷ്ട്രയിൽ മറ്റു സംസ്ഥാനങ്ങളിലെ കൊറോണ വകഭേദങ്ങൾ എത്താതിരിക്കാനുള്ള മുൻകരുതലിന്റെ ഭാഗമായാണ് ‘ തീവ്ര പ്രഭവകേന്ദ്രങ്ങൾ’ പ്രഖ്യാപിച്ചതെന്നും ഉത്തരവിൽ പറയുന്നു.
‘തീവ്ര പ്രഭവകേന്ദ്രം’ ആയി പ്രഖ്യാപിച്ച സംസ്ഥാനങ്ങളിൽ നിന്നു മഹാരാഷ്ട്രയിലേക്കു ട്രെയിനിൽ സഞ്ചരിക്കുന്നവർ 48 മണിക്കൂർ മുൻപെടുത്ത ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണം. യാത്രക്കാരുടെ വിവരങ്ങൾ റെയിൽവേ സംസ്ഥാന സർക്കാരുമായി പങ്കുവയ്ക്കണം.
മഹാരാഷ്ട്രയിൽ 18/04/21 ഞായറാഴ്ച മാത്രം 68,631 കേസുകളാണു റിപ്പോർട്ട് ചെയ്തത്. 503 പേർ മരിച്ചു. ഇതോടെ ആകെ കേസുകൾ 38,39,338 ആയി. മരിച്ചവർ 60,473 ആണ്.

