കൊച്ചി: കളമശ്ശേരി മുട്ടാര്‍ പുഴയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ വൈഗയുടെ പിതാവ് സനുമോഹനായി കര്‍ണാടകയില്‍ വ്യാപക പരിശോധന.
കൊല്ലൂര്‍ മൂകാംബികയും മംഗളൂരുവും കേന്ദ്രീകരിച്ചാണ് കേരള പോലീസ് സംഘം തിരച്ചില്‍ ഊര്‍ജിതമാക്കിയിരിക്കുന്നത്. സനു മോഹന്‍ ആറ് ദിവസം മൂകാംബികയിലെ ലോഡ്ജില്‍ തങ്ങിയിരുന്നതായി വിവരം ലഭിച്ചതോടെയാണ് പോലീസ് സംഘം അന്വേഷണം വ്യാപിപ്പിച്ചത്. ഇയാള്‍ താമസിച്ചിരുന്ന ലോഡ്ജിന് മുന്‍പിലൂടെ നടക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
ഹോട്ടലില്‍ നല്‍കിയ തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പില്‍ നിന്നാണ് ഇയാളെ തിരിച്ചറിഞ്ഞത്. സനു മോഹന്റെ ആധാര്‍ കാര്‍ഡാണ് തിരിച്ചറിയല്‍ രേഖയായി നല്‍കിയത്. ഹോട്ടലിലെ ബില്ലടക്കാന്‍ ആവശ്യപ്പെട്ടപ്പോഴാണ് സനു മോഹന്‍ കടന്നുകളഞ്ഞതെന്ന് ഹോട്ടല്‍ ജീവനക്കാര്‍ പറഞ്ഞു.
വെള്ളിയാഴ്ച(16/04/21) രാവിലെ 8.45 ഓടെയാണ് സനു മോഹന്‍ ഹോട്ടലില്‍ നിന്ന് കടന്നുകളഞ്ഞത്. ഹോട്ടലില്‍ ഉണ്ടായിരുന്ന രണ്ട് ദിവസവും സനു മോഹന്‍ മാസ്‌ക് ധരിച്ചിരുന്നു. പേരും വിലാസവും’ കണ്ട് സംശയം തോന്നിയ ഹോട്ടല്‍ മാനേജ്മെന്റ് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. ഏപ്രില്‍ 10 മുതല്‍ 16-ാം തീയതി രാവിലെ 8.45 വരെ സനുമോഹന്‍ ലോഡ്ജില്‍ താമസിച്ചിരുന്നതായാണ് ജീവനക്കാര്‍ നല്‍കുന്ന വിവരം. മാന്യമായാണ് പെരുമാറിയത്. അതിനാല്‍ അസ്വാഭാവികതയൊന്നും തോന്നിയില്ല. മുറിയുടെ വാടക അവസാനം ഒറ്റത്തവണയായി കാര്‍ഡ് പെയ്‌മെന്റിലൂടെ നല്‍കാമെന്ന് പറഞ്ഞു. ജീവനക്കാര്‍ ഇത് വിശ്വസിക്കുകയും ചെയ്തു.
താമസിച്ച ആറ് ദിവസവും ഇയാള്‍ മൂകാംബിക ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയിരുന്നതായും ജീവനക്കാര്‍ പറഞ്ഞു.
ഏപ്രില്‍ 16-ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് വിമാനത്താവളത്തില്‍ പോകാന്‍ സനു മോഹന്‍ ടാക്‌സി ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് ഹോട്ടല്‍ മാനേജര്‍ ടാക്‌സി ഏര്‍പ്പാടാക്കുകയും ചെയ്തു. എന്നാല്‍ രാവിലെ പുറത്തുപോയ സനു ഉച്ചയ്ക്ക് രണ്ട് മണിയായിട്ടും ലോഡ്ജില്‍ തിരികെവന്നില്ല.
ഇയാള്‍ നല്‍കിയ മൊബൈല്‍ നമ്പറില്‍ ബന്ധപ്പെട്ടെങ്കിലും സ്വിച്ച് ഓഫായിരുന്നു. തുടര്‍ന്ന് സനു താമസിച്ചിരുന്ന മുറി ഡ്യൂപ്ലിക്കേറ്റ് താക്കോല്‍ ഉപയോഗിച്ച് തുറന്ന് പരിശോധിച്ചതോടെയാണ് ഇയാള്‍ മുങ്ങിയതാണെന്ന് സ്ഥിരീകരിച്ചത്. മുറിയില്‍ ലഗേജുകളോ മറ്റോ ഉണ്ടായിരുന്നില്ല.
സനു ലോഡ്ജില്‍ നല്‍കിയ തിരിച്ചറിയല്‍ രേഖയിലെ വിലാസം തിരക്കി ലോഡ്ജിലെ മാനേജരും മലയാളിയുമായ അജയ് നാട്ടിലുള്ള ഒരാളെ ബന്ധപ്പെട്ടിരുന്നു. ഇതോടെയാണ് വൈഗയുടെ മരണത്തില്‍ പോലീസ് തിരയുന്ന സനുമോഹനാണ് മുറിയെടുത്ത് വാടക നല്‍കാതെ മുങ്ങിയതെന്ന് മനസിലായത്.
മാര്‍ച്ച് 21-നാണ് സനുമോഹനെയും മകള്‍ വൈഗയെയും ദുരൂഹസാഹചര്യത്തില്‍ കാണാതായത്. പിറ്റേദിവസം ഉച്ചയോടെ വൈഗയുടെ മൃതദേഹം മുട്ടാര്‍ പുഴയില്‍നിന്ന് കണ്ടെത്തി. സനുവിന് വേണ്ടിയും പുഴയില്‍ തിരച്ചില്‍ നടത്തിയെങ്കിലും നിരാശയായിരുന്നു ഫലം. ഇതിനിടെ സനു സഞ്ചരിച്ച കാര്‍ കണ്ടെത്താന്‍ കഴിയാത്തത് ദുരൂഹത വര്‍ധിച്ചു. തുടര്‍ന്നാണ് സനു മോഹന്‍ കടന്നുകളഞ്ഞതാണെന്ന് സ്ഥിരീകരിച്ചത്.
മഹാരാഷ്ട്രയില്‍ നിരവധി സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെടെയാളാണ് സനുമോഹനെന്ന് പിന്നീട് കണ്ടെത്തി. ഇതോടെ മഹാരാഷ്ട്ര കേന്ദ്രീകരിച്ചും അന്വേഷണം വ്യാപിപ്പിച്ചു. ഒരുവിവരവും കിട്ടാതായതോടെ ഇയാള്‍ക്കായി അഞ്ച് ഭാഷയില്‍ ലുക്ക്ഔട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു

