കണ്ണൂര്‍: കുഞ്ഞിമംഗലം ശ്രീ മല്ലിയോട്ട് പാലോട്ട്കാവ് ക്ഷേത്രത്തില്‍ ഉത്സവകാലത്ത് മുസ്‌ലിംങ്ങള്‍ക്ക് പ്രവേശനമില്ലെന്ന് എഴുതി പ്രദര്‍ശിപ്പിച്ച വിവാദ ബോര്‍ഡ് നീക്കി. പ്രതിഷേധം ശക്തമായതിന് പിന്നാലെയാണ് 16/04/21 വെളളിയാഴ്ച ഉച്ചയ്ക്കു ശേഷം ബോര്‍ഡ് നീക്കം ചെയ്തത്.
കുഞ്ഞിമംഗലം മല്ലിയോട്ട് പാലോട്ട് കാവിലെ വിഷുവിളക്ക് ഉത്സവത്തില്‍ മുസ്‌ലിം സമുദായ അംഗങ്ങള്‍ക്ക് പ്രവേശനം വിലക്കി സ്ഥാപിച്ച ബോര്‍ഡ് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഉത്സവ പറമ്പില്‍ നിന്നും വിവാദ ബോര്‍ഡ് എടുത്ത് മാറ്റിയത്.
ഏപ്രില്‍ 14 മുതല്‍ ഒരാഴ്ചയാണ് കാവില്‍ വിഷുവിളക്ക് ഉത്സവം നടക്കുന്നത്.ഒരു പതിറ്റാണ്ട് മുമ്പ് ഉത്സവവുമായി ബന്ധപ്പെട്ട് പ്രദേശത്ത് സംഘര്‍ഷം ഉണ്ടായിരുന്നു. തുടര്‍ന്നാണ് മുസ്‌ലിം സമുദായത്തില്‍ പെട്ടവര്‍ക്ക് ഉത്സവത്തിന് വിലക്ക് ഏര്‍പ്പെടുത്തിയതെന്നാണ് വാദം. പ്രവേശനം വിലക്കിയതിനെതിരെ നേരത്തെയും പരാതി ഉയര്‍ന്നിരുന്നെങ്കിലും പരസ്യമായി ബോര്‍ഡ് സ്ഥാപിച്ചതോടെയാണ് സംഭവം വിവാദമായത്.