ന്യൂഡൽഹി: കേന്ദ്രജീവനക്കാരിൽ അമ്പത് ശതമാനത്തോളം പേർക്ക് ഇനി വീട്ടിലിരുന്നു ജോലി ചെയ്യാമെന്ന ഉത്തരവിറക്കി ആഭ്യന്തര മന്ത്രാലയം. ബാക്കിയുള്ള ജീവനക്കാർക്ക് സൗകര്യമുള്ള സമയക്രമം തീരുമാനിച്ചു ഉദ്യോഗത്തിനു വരാം. രാജ്യത്ത് ഉയരുന്ന കൊവിഡ് രോഗ വ്യാപനത്തെ തുടർന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ ഈ തീരുമാനം.
ഈ വിഷയത്തെ സംബന്ധിച്ച് 15/04/21വ്യാഴാഴ്ച്ചയാണ് കേന്ദ്ര ആഭ്യന്ദ്ര മന്ത്രാലയം ഉത്തരവിറക്കിയിട്ടുള്ളത്. അണ്ടർ സെക്രട്ടറി വരെയുള്ള ഉദ്യോഗസ്ഥർക്ക് ഈ ഉത്തരവ് ബാധകമാണ്. ഡെപ്യൂട്ടി സെക്രട്ടറിമാരും ആ റാങ്കിന് മുകളിലുമുള്ളവരും പതിവ് പോലെ ഓഫിസിൽ വന്നു ജോലി ചെയ്യേണ്ടതാണ്. ഇവർക്ക് തങ്ങളുടെ ജോലിസമയം സൗകര്യാർത്ഥം ക്രമീകരിക്കാവുന്നതാണ്.
ദില്ലിയിൽ കൊവിഡ് കേസുകളുടെ എണ്ണത്തിലുണ്ടായ അഭൂതപൂർവമായ വർധനവിനെ പ്രതിരോധിക്കാനുള്ള നടപടികളുടെ ഭാഗമാണിതെന്ന് ആഭ്യന്ത്ര മന്ത്രാലയം ഉത്തരവിൽ പറയുന്നു. എന്നാൽ, നിയന്ത്രണ മേഖലകളിൽ താമസിക്കുന്ന എല്ലാ ഉദ്യോഗസ്ഥരെയും ഓഫീസിൽ എത്തുന്നതിൽ നിന്ന് ഒഴിവാക്കുന്നു എന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടാകണം ഓഫിസിൽ വരുന്നവർ ഇടപെടേണ്ടതെന്നും ഉത്തരവിൽ പറയുന്നു. മാസ്ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക, സാനിട്ടൈസറിന്റെ കൃത്യമായ ഉപയോഗം, ഇടക്കിടെയുള്ള കൈ കഴുകൽ എന്നിവയെല്ലാം കൃത്യമായി പാലിക്കണം. അതെ സമയം ഓഫിസിൽ ഹാജരാകാത്തവർ അവശ്യമായ എല്ലാത്തരം ഔദ്യോഗിക ആശയവിനിമയങ്ങളിലും ഉൾപ്പെടെണ്ടതാണ് എന്നും അറിയിക്കുന്നു.