തൃശ്ശൂർ : കഴിഞ്ഞ ദിവസം തൃശ്ശൂരുകാർ നഗരത്തിൽ പലയിടത്തും ഒരു പരസ്യ ബോർഡ് കണ്ടു . ഫുട് പാത്തിലൂടെ വേഗത്തിൽ നടന്നു പോകുന്നവരും ഓടുന്ന വാഹനത്തിൽ നിന്നും പുറം കാഴ്ചകളിലേക്ക് കണ്ണും നട്ടിരുന്നവരും ആ പരസ്യം വായിച്ച് തെല്ലൊന്നമ്പരന്നു കാണണം. പെട്ടന്നു കണ്ണിലുടക്കുന്ന പ്രധാന പരസ്യവാചകം തിരുവമ്പാടി ക്ഷേത്രം വിൽപനയ്ക്ക് -‘Thiruvambadi Temple For Sale’ എന്നായിരുന്നു.
എന്നാൽ , സൂക്ഷിച്ചു നോക്കിയാൽ തിരുവമ്പാടി ക്ഷേത്രത്തിനടുത്തുളള ഫ്ലാറ്റുകൾ വിൽപനയ്ക്ക് എന്നാണ് പരസ്യത്തിൻ്റെ ആശയം എന്ന് വ്യക്തമാകും . ഫ്ലാറ്റുകൾ എന്നത് കറുപ്പിലും വെളുപ്പിലും ആയിരുന്നപ്പോൾ തിരുവമ്പാടി ക്ഷേത്രം വിൽപനയ്ക്ക് എന്നത് ബഹുവർണത്തിലായിരുന്നു, ‘മദ്യപാനം ആരോഗ്യത്തിന് ഹാനികരം ‘ എന്ന മുന്നറിയിപ്പു പോലെ ചെറിയ അക്ഷരത്തില്‍ ‘സമീപം ‘(Near) എന്നത് ഒരു മൂലയ്ക്കും .
ഗ്രാഫിക് ഡിസൈനിംഗിലെ അശ്രദ്ധയാണ് ഇത്തരം തമാശകളുടെ സൃഷ്ടിയ്ക്ക് വഴിവയ്ക്കുന്നത് എന്ന് പരസ്യ വിതരണ രംഗത്തുള്ളവർ പറയുന്നു. വളരെ പെട്ടെന്ന് ശ്രദ്ധയെ ആകർഷിക്കുന്ന രീതിയിൽ പരസ്യത്തിൻ്റെ പ്രധാന ആശയം നൽകേണ്ടതാ ണെന്ന പ്രാഥമിക തത്വം പോലും മറക്കുന്ന ചിലരാണ് തിരുവമ്പാടി ക്ഷേത്രത്തെയും നെടുമ്പാശ്ശേരി വിമാനത്താവളത്തെയും കലൂർ ബസ്സ്റ്റാൻ്റിനെയുമെല്ലാം ഇങ്ങനെ
‘വിൽപനയ്ക്ക് ‘ വയ്ക്കുന്നത് എന്നും അവർ പറയുന്നു.

