തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലൂടെ ശ്രദ്ധനേടിയ നടനും പോലീസ് ഉദ്യോഗസ്ഥനുമായ സിബി തോമസിന്റെ കഥയിലൂടെ ഒരുങ്ങിയ ചിത്രമാണ് കുറ്റവും ശിക്ഷയും. ഇൻവെസ്റിഗേഷൻ ത്രില്ലറായ ഈ ചിത്രത്തിൽ ആസിഫ് അലിയാണ് നായകൻ. ഇപ്പോഴിതാ സിനിമയുടെ റിലീസിംഗ് പോസ്റ്റർ പങ്കുവെച്ചിരിക്കുകയാണ് കേരള പോലീസ് . ആദ്യമായാണ് ഒരു സിനിമയുടെ പോസ്റ്റർ പോലീസുദ്യോഗസ്ഥർ ഷെയർ ചെയ്യുന്നത്. രാജീവ് രവി സംവിധാനം ചെയ്യുന്ന ഈ സിനിമ ജൂലായ് രണ്ടിന് തീയേറ്ററുകളിൽ പ്രദർശനത്തിനെത്തും. കാസർകോട് നടന്ന യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ള അന്വേഷണാത്മക ത്രില്ലർ ചിത്രമാണ് കുറ്റവും ശിക്ഷയും. ശ്രീജിത്ത് ദിവാകരനും സിബി തോമസും ചേർന്നാണ് ഈ ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സിബി തോമസിന്റെ നേതൃത്വത്തിലുള്ള അഞ്ചു പോലീസുകാർ ഒരു ജ്വല്ലറി മോഷണത്തെ തുടർന്ന് കേസ് അന്വേഷണത്തിനായി വടക്കേ ഇന്ത്യയിലേക്ക് യാത്രയാവുകയും അവിടെ ജീവൻ പണയപ്പെടുത്തി കുറ്റവാളികളെ പിടികൂടാനുള്ള ശ്രമങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം.