തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് വാക്‌സിന്‍ ക്ഷാമത്തെ തുടര്‍ന്ന് 50 ലക്ഷം ഡോസ് വാക്‌സിന്‍ ലഭ്യമാക്കണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തോട് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര ആരോഗ്യ വകുപ്പുമന്ത്രി ഹർഷ് വര്‍ദ്ധന് കത്തയച്ചു. കോവിഡ് കേസുകള്‍ വീണ്ടും ഉയര്‍ന്നുവരുന്ന സാഹചര്യമാണ് കേരളത്തിലുളളത്.
രണ്ടുലക്ഷം ഡോസ് കോവിഡ് വാക്‌സിനുകള്‍ 13.4.2021 ചൊവ്വാഴ്ച സംസ്ഥാനത്ത് എത്തും . ഇതോടെ വാക്‌സിന്‍ ക്ഷാമത്തിന് താല്‍ക്കാലിക പരിഹാരമാവും. ഭാരത് ബയോ ടെക്കാണ് ഇക്കാര്യം അറിയിച്ചത്. തിരുവനന്തപുരം-68,000, എറണാകുളം -78,000, കോഴിക്കോട് 54,000, ഡോസുവീതം വാക്‌സിനാണ് എത്തിക്കുക. നിലവില്‍ രാജ്യത്ത് ഏറ്റവും വേഗത്തില്‍ വാക്‌സിന്‍ നല്‍കിവരുന്നത് കേരളത്തിലാണ്. ഏപ്രില്‍ 11 വരെ ഏകദേശം 48.25 ലക്ഷം ഡോസുകളാണ് വിതരണം ചെയ്തത്. 45 ദിവസം കൊണ്ട് പരമാവധി ആളുകള്‍ക്ക് വാക്‌സിന്‍ നല്‍കാനാവശ്യമായ പദ്ധതിയാണ് സര്‍ക്കാര്‍ നടപ്പാക്കുന്നത്. പ്രതിരോധ നടപടികള്‍ കൂടുതല്‍ കരുത്തുറ്റതാക്കി രോഗ വ്യാപനം നിയന്ത്രിക്കാനുളള നടപടികളുമായി സംസ്ഥാനം മുന്നോട്ടുപോകും.
നിലവില്‍ ഒരുദിവസം ഏകദേശം രണ്ട്‌ലക്ഷം ഡോസ് വിതരണം എന്നത് മൂന്ന് ലക്ഷം ഡോസ് ആക്കാനാണ് ലക്ഷ്യമിടുന്നത്. എന്നാല്‍ ഇപ്പോഴത്തെ അവസ്ഥയില്‍ മൂന്നുദിവസം കൂടി നില്‍ക്കാനുളള വാക്‌സിന്‍ മാത്രമേ സ്‌റ്റോക്കുളളു.

