തിരുവനന്തപുരം: ബന്ധുനിയമന വിഷയത്തിലെ ലോകായുക്ത വിധിയുടെ അടിസ്ഥാനത്തില്‍ മന്ത്രി കെ ടി ജലീല്‍ രാജിവച്ചു. രാജി കത്ത് മുഖ്യമന്ത്രിക്ക് കൈമാറിയത് വിവരം കെ ടി ജലീൽ ഫേസ്ബുക്കിലൂടെ ജനങ്ങളെ അറിയിച്ചു. 13-04-2021 ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് ആണ് ഫേസ്ബുക്കിലൂടെ രാജി വിവരം പുറത്തുവിട്ടത്. രാജിക്കത്ത് ഗൺമാന്റെ കൈവശം മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിക്ക് എത്തിക്കുകയാണ് ചെയ്തത്. ബന്ധു നിയമനത്തിൽ മന്ത്രി കുറ്റക്കാരനെന്ന് ലോകായുക്ത വിധിക്ക് പിന്നാലെയാണ് രാജി. വി കെ മുഹമ്മദ് ഷാഫിയുടെ പരാതിയിലാണ് നടപടി. വിധി വന്നതിനുശേഷം വിദഗ്ധനിയമോപദേശം തേടിയിരുന്നു. രാജിവെക്കാതെ നിർവാഹമില്ല എന്നാണ് ഉപദേശം ലഭിച്ചത്. വിധിക്കെതിരെ ഹൈക്കോടതിയിൽ ഹർജി നൽകുകയും ചെയ്തു. ഹൈക്കോടതിയുടെ അവധിക്കാല ബെഞ്ച് 13 – 04- 21, ചൊവ്വാഴ്ച ഹർജി പരിഗണിക്കാനിരിക്കെയാണ് ജലീലിന്റെ രാജി. തന്റെ രക്തം ഊറ്റിക്കുടിക്കാന്‍ വെമ്പുന്നവര്‍ക്ക് തല്‍ക്കാലം ആശ്വസിക്കാമെന്നും രാജിക്കത്ത് മുഖ്യമന്ത്രിക്ക് കൈമാറിയ വിവരം സന്തോഷപൂര്‍വ്വം അറിയിക്കുന്നെന്നും ജലീല്‍ രാജിക്ക് ശേഷം പറഞ്ഞു.
“എന്റെ രക്തം ഊറ്റിക്കുടിക്കാന്‍ വെമ്പുന്നവര്‍ക്ക് തല്‍ക്കാലം ആശ്വസിക്കാം. രാജിക്കത്ത് മുഖ്യമന്ത്രിക്ക് കൈമാറിയ വിവരം സന്തോഷപൂര്‍വ്വം അറിയിക്കുന്നു.
കഴിഞ്ഞ രണ്ടു വര്‍ഷമായി നീതീകരണമില്ലാത്ത മാധ്യമവേട്ടക്ക് ഇരയാകുന്ന പൊതുപ്രവര്‍ത്തകനാണ് ഞാന്‍. ലവലേശം തെറ്റു ചെയ്തില്ലെന്ന ഉറച്ച ബോധ്യമാണ് വലതുപക്ഷത്തിന്റെയും മാധ്യമപ്പടയുടെയും ആക്രമണങ്ങളുടെ പത്മവ്യൂഹത്തിലും അണുമണിത്തൂക്കം കൂസാതെ പിടിച്ചു നില്‍ക്കാന്‍ ഈയുള്ളവന് കരുത്തായത്. മൂന്ന് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ അരിച്ച് പെറുക്കി പരിശോധിച്ചിട്ടും തെറ്റിന്റെ ഒരു തുമ്പും കണ്ടെത്താനാകാതിരുന്നത് പൊതു ജീവിതത്തിലെ ഏറ്റവും വലിയ അംഗീകാരമായിട്ടാണ് ഞാന്‍ കാണുന്നത്. മാധ്യമ അന്വേഷണ സംഘങ്ങള്‍ ഉള്‍പ്പടെ ഏത് അന്വേഷണ ഏജന്‍സികള്‍ക്കും ഇനിയും ആയിരം വട്ടം എന്റെ വീട്ടിലേക്ക് സ്വാഗതം. ഇത് വെറുംവാക്കല്ല, ഉള്ളില്‍ തട്ടിയുള്ള പറച്ചിലാണ്.”
ജലീൽ പറഞ്ഞു.
ജലീല്‍ സ്വജന പക്ഷപാതം നടത്തിയെന്നും ജലീലിന് മന്ത്രിസ്ഥാനത്ത് തുടരാന്‍ പാടില്ലെന്നുമായിരുന്നു ലോകായുക്തയുടെ വിധി. മുഖ്യമന്ത്രി തുടര്‍ നടപടി സ്വീകരിക്കണമെന്നും ലോകായുക്ത ആവശ്യപ്പെട്ടിരുന്നു. ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷനില്‍ ജനറല്‍ മാനേജറായി ബന്ധുവായ കെടി അദീപിനെ നിയമിച്ചതാണ് വിവാദങ്ങള്‍ക്കിടയാക്കിയത്. അദീപിന്റെ നിയമനത്തിന് വേണ്ടി ജലീല്‍ ഇടപെട്ട് യോഗ്യതയില്‍ ഇളവ് വരുത്തി വിജ്ഞാപനം ഇറക്കി നിയമനം നടത്തിയെന്നാണ് ആരോപണം.
വികെ മുഹമ്മദ് ഷാഫിയുടെ പരാതിയിലാണ് നടപടി. പരാതിക്കാരന്‍ ഉന്നയിച്ച എല്ലാ ആരോപണങ്ങളും ശരിവെച്ചാണ് ലോകായുക്തയുടെ റിപ്പോര്‍ട്ട്. ജലീല്‍ സത്യ പ്രതിജ്ഞാ ലംഘനം നടത്തിയെന്നും സ്വജന പക്ഷപാതം കാണിച്ചെന്നുമാണ് ലോകായുക്ത ചൂണ്ടിക്കാണിക്കുന്നത്. ഇക്കാര്യങ്ങള്‍ പരിഗണിച്ച് ജലീല്‍ മന്ത്രിസ്ഥാനത്ത് തുടരാന്‍ പാടില്ല. സ്ഥാനത്തുനിന്നും ജലീലിനെ നീക്കണമെന്ന് മുഖ്യമന്ത്രിയോട് ലോകായുക്ത ആവശ്യപ്പെട്ടിരുന്നു.