കടല്‍ക്കൊലക്കേസില്‍ പത്തുകോടിരൂപ ഒരാഴ്ചക്കുളളില്‍ കെട്ടിവയ്ക്കാന്‍ ഇറ്റലിക്ക് സുപ്രീം കോടതിയുടെ നിര്‍ദ്ദേശം

ദില്ലി: കടല്‍ക്കൊലക്കേസില്‍ തൊഴിലാളികളുടെ കുടുംബത്തിനും ബോട്ടുടമക്കും നല്‍കേണ്ട നഷ്ടപരിഹാരമായ പത്തുകോടി രൂപ ഒരാഴ്ചക്കുളളില്‍ കെട്ടിവെക്കാന്‍ സുപ്രിം കോടതി ഇറ്റലിക്ക് നിര്‍ദ്ദശം നല്‍കി. പണം നിക്ഷേപിക്കേണ്ട അക്കൗണ്ട് നമ്പര്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയം ഇറ്റലിക്ക നല്‍കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. പണം കൈമാറാതെ കേസ് അവസാനിപ്പിക്കണമെന്ന കേന്ദ്ര സര്‍ക്കാര്‍ ആവശ്യം അംഗീകരിക്കില്ലെന്ന സുപ്രീം കോടതി വ്യക്തമാക്കി. ഇറ്റാലിയന്‍ നാവികര്‍ പ്രതികളായ കേരളത്തിലെ കടല്‍ കൊലക്കേസ് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുളള കേന്ദ്രസര്‍ക്കാരിന്റെ ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു സുപ്രീം കോടതിയുടെ ഇടപെടല്‍. കൊല്ലപ്പെട്ട രണ്ട് മത്സ്യതൊഴിലാളികളുടെ കുടുംബത്തിന് നഷ്ടപരിഹാരം കിട്ടാത കേസ് അവസാനിപ്പിക്കില്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റീസ് എസ്എ ബോബ്‌ഡേ അ്ധ്യക്ഷനായ ബഞ്ച് വ്യക്തമാക്കി.

നഷ്ടപരിഹാരം ചെയ്യാന്‍ തയ്യാറാണെന്നും അക്കൗണ്ട് നമ്പര്‍ നല്‍കിയാല്‍ പണം കൈമാറാമെന്നും ഇറ്റലി അറിയിച്ചു. ഇതോടെയാണ് ഒരാഴ്ചക്കുളളില്‍ നഷ്ടപരിഹാരതുക കെട്ടിവയ്ക്കാന്‍ ഇറ്റലിക്ക് കോടതി സമയം നല്‍കിയത്. കൊല്ലപ്പെട്ട തൊഴിലാളികളുടെ കുടുംബത്തിന് നാലുകോടി രൂപ വീതവും ബോട്ടുടമ ഫ്രെഡിക്ക് രണ്ട് കോടി രൂപയും നഷ്ടപരിഹാരം നല്‍കാമെന്നായിരുന്നു ഇറ്റലിയുടെ വാഗ്ദാനം . ഈ തുക കെട്ടിവയ്ക്കാനുളള അക്കൗണ്ടനമ്പര്‍ വിദേശ മന്ത്രാലയം ഇറ്റലിക്ക് നല്‍കുകയും കിട്ടുന്ന പണം മന്ത്രാലയം സുപ്രീം കോടതിക്ക് കൈമാറുകയും വേണം. . അതിന് ശേഷം കേസ് അവസാനിപ്പിക്കുന്ന കാര്യം തീരുമാനിക്കാമെന്നും കോടതി വ്യക്തമാക്കി. കേസ് 2021 ഏപ്രില്‍ 19ലേക്ക് മാറ്റി. നഷ്ടപരിഹാരം ഉറപ്പാക്കാതെ കേസ് അവസാനിപ്പിക്കരുതെന്ന് കേരളം ആവശ്യപ്പെട്ടു.

അന്താരാഷ്ട്ര കോടതി നിര്‍ദ്ദേശ പ്രകാരം നഷ്ടപരിഹാരം നല്‍കാന്‍ ഇറ്റലി സന്നദ്ധത അറിയിച്ച സാഹചര്യത്തില്‍ കടല്‍ക്കല അവസാനിപ്പിക്കണമെന്നായിരുന്നു കേന്ദ്ര സര്‍ക്കാര്‍ ആവശ്യം. 2012 ലായിരുന്നു കേരളത്തിലെ സമുദ്രാതിര്‍ത്തിയില്‍ മലയാളിയടക്കം രണ്ട് മത്സ്യ തൊഴിലാളികള്‍ ഇറ്റാലിയന്‍ നാവികരുടെ വെടിയേറ്റ് മരിച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →