തിരുവനന്തപുരം : നിയമസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ പോസ്റ്റല്‍ വോട്ടുകളില്‍ വ്യാപകമായ ക്രമക്കേടുകള്‍ നടക്കുന്നതായി ചൂണ്ടിക്കാണിച്ച് ബിജെപി സംസ്ഥാന അദ്ധക്ഷന്‍ കെ. സുരേന്ദ്രന്‍ ചീഫ് ഇലക്ട്രല്‍ ഓഫീസര്‍ ടിക്കാറാം മീണക്ക് പരാതി നല്‍കി. പോസ്റ്റല്‍ വോട്ടുകള്‍ സമാഹരിക്കുന്നതില്‍ ആവശ്യമായ യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെയാണ് ശേഖരിച്ചത്. സീല്‍ ചെയ്ത കവറുകളിലല്ല വോട്ടുകള്‍ ശേഖരിച്ചത്, പകരം സഞ്ചിയിലാണ് പല ബൂത്തുകളിലും വോട്ടര്‍മാരില്‍ നിന്ന് ബാലറ്റുകൾ വാങ്ങിയത്. ഉപയോഗിക്കാത്ത പോസ്റ്റല്‍ ബാലറ്റുകള്‍ ദുരുപയോഗിക്കുന്നതായും ആക്ഷേപമുണ്ട്. ഇതേ സംബന്ധിച്ച രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുളള ആശങ്ക പരിഹരിക്കണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.
80 വയസിന് മുകളിലുളള എത്രപേര്‍ക്ക് ഓരോ മണ്ഡലത്തിലും പോസ്റ്റല്‍ ബാലറ്റുകള്‍ നല്‍കി, അതില്‍ എത്ര ബാലറ്റുകള്‍ സേര്‍വ് ചെയ്തു,എത്ര ബാലന്‍സ് ഉണ്ട്, എത്ര ദിവ്യാംഗര്‍ക്ക് പോസ്റ്റല്‍ ബാലറ്റ് നല്‍കി, എത്ര കോവിഡ് രോഗികള്‍ക്ക് നല്‍കി ബാക്കി വന്നവ എന്തുചെയ്തു. എന്നീ ചോദ്യങ്ങളാണ് പരാതിയില്‍ സുരേന്ദ്രന്‍ ഉന്നയിച്ചിരിക്കു ന്നത്. സമാഹരിച്ച പോസ്റ്റല്‍ വോട്ടുകള്‍ കൗണ്ടിംഗ് സ്‌റ്റേഷനുകളില്‍ സുരക്ഷിതമായി എത്തുന്നുവെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉറപ്പുവരുത്തണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. ജനാധിപത്യത്തെ അട്ടിമറിക്കാനുളള ആസൂത്രിതമായ നീക്കത്തിനെതിരെ കമ്മീഷന്‍ നടപടിയെടുക്കണമെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കത്തിലൂടെ ആവശ്യപ്പെട്ടു.

