ന്യൂഡല്‍ഹി: ഐ.എസ്.ആര്‍.ഒ. ചാരക്കേസിലെ പോലീസ് ഉദ്യോഗസ്ഥരുടെ പങ്ക് സംബന്ധിച്ച ഉന്നതതല സമിതി റിപ്പോര്‍ട്ടിന്മേല്‍ . അടുത്തയാഴ്ച വാദം കേള്‍ക്കുമന്നു ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ. ഉടന്‍ വാദം കേള്‍ക്കണമെന്നു സുപ്രീം കോടതിയില്‍ കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണിത്.മൂന്നംഗ ഉന്നതതല സമിതി റിപ്പോര്‍ട്ട് ഫയല്‍ ചെയ്തിട്ടുണ്ടെന്നും അതിന്മേല്‍ വാദം കേള്‍ക്കണമെന്നും അഭ്യര്‍ഥിച്ച് കേന്ദ്രസര്‍ക്കാരിനു വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയാണ് 05/04/21 തിങ്കളാഴ്ച പരമോന്നത നീതിപീഠത്തെ സമീപിച്ചത്. ഇത് ദേശീയ വിഷയമായി കാണണമെന്നും മേത്ത അഭ്യര്‍ഥിച്ചു. ഗൗരവമുള്ള വിഷയമാണെന്നു സമ്മതിക്കുന്നെന്നും എന്നാല്‍, അതീവ ഗുരുതര വിഷയമല്ലെന്നുമായിരുന്നു ജസ്റ്റിസ് എ.എസ്. ബൊപ്പണ്ണ, ജസ്റ്റിസ് വി. രാമസുബ്രഹ്മണ്യം എന്നിവര്‍ കൂടി ഉള്‍പ്പെട്ട ബെഞ്ചിന്റെ നിരീക്ഷണം. അടുത്തയാഴ്ച കേസ് പരിഗണനയ്ക്ക് എടുക്കാമെന്നും ബെഞ്ച് മറുപടി നല്‍കി.2018 സെപ്റ്റംബറിലാണ് റിട്ട. ജസ്റ്റിസ് ഡി.കെ. ജയിന്‍ അധ്യക്ഷനായി മൂന്നംഗ ഉന്നതതല സമിതിയെ സുപ്രീം കോടതി നിയോഗിച്ചത്. മാനഹാനിക്കുള്ള നഷ്ടപരിഹാരമെന്ന നിലയ്ക്ക് നമ്പി നാരായണന് 50 ലക്ഷം രൂപ നല്‍കാന്‍ കേരള സര്‍ക്കാരിനോട് ഉത്തരവിട്ട വേളയിലായിരുന്നു ഇത്. നമ്പി നാരായണന്‍ നേരിട്ട അധിക്ഷേപങ്ങള്‍ക്കും മനോപീഡനങ്ങള്‍ക്കും ഉത്തരവാദികളായ ഉദ്യോഗസ്ഥരുടെ പങ്ക് അന്വേഷിച്ച് ഉചിതമായ നടപടിക്കു ശിപാര്‍ശചെയ്യാനാണ് സമിതിയെ കോടതി ചുമതലപ്പെടുത്തിയത്.
ചാരക്കേസിലെ ഉദ്യോഗസ്ഥരുടെ പങ്ക്: ഉടന്‍ വാദം കേള്‍ക്കണമെന്ന് കേന്ദ്രം, അടുത്തയാഴ്ച പരിഗണിക്കുമെന്ന് സുപ്രീം കോടതി
