കത്വ-ഉന്നവാ ഇരകളുടെ കുടുംബ സഹായത്തിനായി 69 ലക്ഷത്തിലേറെ രൂപ വന്നിരുന്നതായി രേഖകള്‍

മലപ്പുറം: കത്വ- ഉന്നവാ ഇരകളുടെ കുടുംബത്തെ സഹായിക്കാന്‍ 39 ലക്ഷം രൂപ മാത്രമാണ്‌ പിരിച്ചതെന്ന യൂത്തു ലീഗ്‌ വാദം പൊളിയുന്നു. ഫണ്ട് ‌സമാഹരണത്തിന് ‌ പഞ്ചാബ്‌ നാഷണല്‍ ബാങ്ക്‌ കോഴിക്കോട്‌ ശാഖയില്‍ തുടങ്ങിയ അക്കൗണ്ടില്‍ 69 ലക്ഷത്തിലേറെ രൂപ എത്തിയതായി രേഖകള്‍ പുറത്തുവന്നു. ഇതോടെ ലക്ഷങ്ങളുടെ വെട്ടിപ്പാണ്‌ പുറത്തുവന്നിരിക്കുന്നത്‌. യൂത്തു ലീഗ്‌ മുന്‍ ദേശീയ സമിതി അംഗമായ യൂസഫ് പടനിലമാണ്‌ കത്വ -ഉന്നാവോ ഫണ്ട്‌ വെട്ടിപ്പുമായി ബന്ധപ്പെട്ട്‌ ആരോപണം ഉന്നയിച്ചത്‌. ഒരു കോടിയിലേറെ രൂപ യൂത്തലീഗ്‌ ജനറല്‍ സെക്രട്ടറിയും താനൂര്‍ മണ്ഡലം യുഡിഎഫ്‌ സ്ഥാനാര്‍ത്ഥിയുമായ പികെ ഫിറോസിന്‍റെ നേതൃത്വത്തില്‍ വെട്ടിച്ചെന്നായിരുന്നു ആരോപണം.

ആരോപണം ശരിയാണെന്ന്‌ ബാങ്ക്‌ രേഖകള്‍ തെളിയിക്കുന്നു. പളളികളില്‍ നിന്നു പിരിച്ച തുക ബാങ്കില്‍ നിക്ഷേപിച്ചിട്ടില്ലന്നും ഇത്‌ 39 ലക്ഷത്തിന് മുകളില്‍ വരുമെന്നുമാണ്‌ യൂസഫ് ‌പടനിലത്തിന്‍റെ ആരോപണം. പണം ചെലവഴിച്ചത്‌ സംബന്ധിച്ചും ആരോപണമുണ്ട്. 9.36 ലക്ഷം രൂപ കത്വ കേസ്‌ നടത്തിപ്പിന്നായി ചെലവഴിച്ചുവെന്നാണ്‌ നേതാക്കള്‍ അവകാശപ്പെട്ടത്‌. അഞ്ചുലക്ഷം രൂപ ഇരയുടെ കുടുംബത്തിന്‌ നല്‍കിയെന്നും വ്യക്തമാക്കുന്നു. എന്നാല്‍ ഇതില്‍ കൂടുകല്‍ തുക അക്കൗണ്ടില്‍ നിന്നും നിരവധി തവണ പിന്‍വലിച്ചതായി രേഖയില്‍ നിന്ന്‌ മനസിലാക്കാം. ഇത്‌ ആര്‌, എന്തിനുവേണ്ടി എന്ന ചോദ്യം അവശേഷിക്കുന്നു.

ഫണ്ട്‌ വെട്ടിപ്പുമായി ബന്ധപ്പെട്ട പരാതിയില്‍ പി.കെ ഫിറോസിനെതിരെ കുന്നമംഗലം പോലീസ്‌ കേസെടുത്ത്‌ അന്വേഷണം ആരംഭിച്ചിട്ടുണ്ട്‌. കത്വ-ഉന്നാവ പെണ്‍കുട്ടികളുടെ കുടുംബങ്ങള്‍ക്ക് നിയമ സഹായം നല്‍കാന്‍ ഏകദിന ഫണ്ട്‌ സമാഹരണം നടത്താന്‍ 2018 ഏപ്രില്‍ 19,20 തീയതികളില്‍ പത്രത്തില്‍ പരസ്യം നല്‍കി പണം പിരിച്ചു. കോഴിക്കോട്‌ പഞ്ചാബ്‌ നഷണല്‍ ബാങ്കിന്റെ ശാഖ വഴി ഒരു കോടി രൂപയോളം പിരിച്ചെടുത്ത്‌ വകമാറ്റി ചെലവഴിച്ചെന്നും 15 ലക്ഷം രൂപ പികെ ഫിറോസ്‌ മറ്റാവശ്യങ്ങള്‍ക്കായി ഉപയോഗിച്ചു വഞ്ചിച്ചെന്നുമാണ്‌ കേസ്‌ .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →