‘എം എം മണി പാവം, അദ്ദേഹം ഇതൊന്നും അറിഞ്ഞു കാണില്ല, കളളത്തരങ്ങളെല്ലാം പിണറായി നേരിട്ടാണ് ‘ മുഖ്യമന്ത്രിയെ കടന്നാക്രമിച്ച് ചെന്നിത്തല

ആലപ്പുഴ: വൈദ്യുതകരാർ വിവാദത്തിൽ വകുപ്പ് മന്ത്രി എം എം മണിയെ പരിഹസിച്ചും മുഖ്യമന്ത്രിയെ കടന്നാക്രമിച്ചും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

താന്‍ വൈദ്യുതി മന്ത്രിയെ പറ്റി ഒന്നും പറയുന്നില്ല, ആ പാവത്തിന് ഇതിനെകുറിച്ചൊന്നും അറിയില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. വൈദ്യുതി ബോര്‍ഡിലെ കള്ളത്തരങ്ങളെല്ലാം മുഖ്യമന്ത്രി നേരിട്ട് ചെയ്യുന്നതാണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. അദാനിയുമായി സര്‍ക്കാര്‍ ദീര്‍ഘകാല വൈദ്യുതി കരാര്‍ ഉണ്ടാക്കിയെന്ന ആരോപണം ആവര്‍ത്തിച്ച് 03/04/21 ശനിയാഴ്ച പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.

‘ബോംബ് ഉണ്ടെന്ന് ആരാണ് പറഞ്ഞത്. മുഖ്യമന്ത്രി അഞ്ച് വര്‍ഷം ചെയ്ത് കൂട്ടിയ കൊള്ളരുതായ്മകള്‍ പുറത്ത് വരുമെന്നുള്ള ഭയം കൊണ്ടാണ് ബോംബ് വരുന്നു, ബോംബ് വരുന്നുവെന്ന് പറയുന്നത്. അദ്ദേഹം തന്നെയാണ് പറയുന്നത്. ഇത്രയും ഭീരുവാണോ മുഖ്യമന്ത്രി. മടിയില്‍ കനമുള്ളവന് വഴിയില്‍ പേടിച്ചാല്‍ മതി. മടിയില്‍ കനമുള്ളതിനാലാണ് മുഖ്യമന്ത്രി ബോംബ് ഉണ്ടെന്ന് പറയുന്നത്. ഞാന്‍ ഒരു ബോംബും പൊട്ടിക്കാന്‍ പോകുന്നില്ല. രേഖകളുടെ അടിസ്ഥാനത്തില്‍ മാത്രമെ കാര്യങ്ങള്‍ ഉന്നയിക്കാറുള്ളൂ. യു ടേണ്‍ സര്‍ക്കാരാണിത്. സ്പ്രിംഗ്‌ളര്‍, പമ്പ മണല്‍കടത്ത്, ഇ മൊബിലിറ്റി, ഇഎംസിസി ആഴക്കടല്‍ തുടങ്ങി ഞാന്‍ കൊണ്ടുവന്ന 90 ശതമാനം കാര്യങ്ങളിലും യുടേണ്‍ അടിച്ചു.” രമേശ് ചെന്നിത്തല പറഞ്ഞു.

വിഷയത്തില്‍ മന്ത്രി മണിയുടെ പ്രതികരണം പ്രതീക്ഷിച്ചതാണെന്നും ചെന്നിത്തല പറഞ്ഞു. സര്‍ക്കാരിന്റെ അഴിമതികള്‍ പുറത്ത് കൊണ്ടുവരുമ്പോള്‍ തനിക്ക് സമനില തെറ്റി എന്ന് പറയും. എം.എം മണി പറയുന്നതൊന്നും കാര്യമാക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →