വാഷിംങ്ടണ്‍: യു.എസ് പാര്‍ലമെന്റ് മന്ദിരമായ കാപ്പിറ്റലിനു മുന്നില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്കു നേരെ അക്രമി കാര്‍ ഇടിച്ചുകയറ്റി. അക്രമത്തില്‍ ഒരാള്‍ മരിച്ചു. മറ്റൊരാള്‍ക്ക് പരിക്കേറ്റു. അക്രമിയെ പോലീസ് വെടിവെച്ചുകൊന്നു. ബാരിക്കേടില്‍ കാര്‍ ഇടിച്ചുനിര്‍ത്തിയ ശേഷം പുറത്തിറങ്ങിയ അക്രമി പോലീസിന് നേര്‍ക്ക് കത്തി വീശി. ഒരു പോലീസ് ഉദ്യോഗസ്ഥന് കുത്തേറ്റതായും റിപ്പോര്‍ട്ടുണ്ട്. പോലീസ് വെടിയേറ്റുവീണ അക്രമിയെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരിച്ചു. സംഭവത്തിന് തീവ്രവാദ ബന്ധമില്ലെന്നാണ് പ്രാഥമിക നിഗമനം.
കാപ്പിറ്റലിന്റെ വടക്കുഭാഗത്താണ് സംഭവം. സെനറ്റ് കവാടത്തിന് 90 മീറ്റര്‍ മുമ്പിലുളള ബാരിക്കേടാണ് ഇടിച്ചു തകര്‍ത്തത്. ജനുവരി ആറിന് നടന്ന കലാപത്തെ തുടര്‍ന്ന് ഈ ഭാഗത്ത് വേലി കെട്ടി ഗതാഗതം തടഞ്ഞിരുന്നെങ്കിലും അടുത്തയിടെ വേലി നീക്കം ചെയ്തിരുന്നു. സംഭവത്തെ തുടര്‍ന്ന് കാപ്പിറ്റലില്‍ അതീവ സുരക്ഷ പ്രഖ്യാപിച്ചു. ഉദ്യോഗസ്ഥരുടേയോ അക്രമിയുടെയോ വിവരങ്ങള്‍ പോലീസ് വെളിപ്പെടുത്തിയിട്ടില്ല.