ഏതാണാ ബോംബ് ? മുഖ്യമന്ത്രി പറഞ്ഞ ബോംബിനെ കാത്ത് രാഷ്ട്രീയ കേരളം

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം അവശേഷിച്ചിരിക്കേ കേരള രാഷ്ട്രീയം ഒരു ബോംബിനെ കാത്തിരിക്കുകയാണ്. വലിയ ബോംബെരെണ്ണം അഞ്ച് ദിവസത്തിനകം പൊട്ടുമെന്ന സൂചന നൽകിയത് പ്രതിപക്ഷ നേതാവോ കെ പി സി സി അധ്യക്ഷനോ ബി ജെ പി നേതാക്കളോ ഒന്നുമല്ല
മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയാണ്.

30/03/21ചൊവ്വാഴ്ച കാസർകോട് പെരിയയിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിലായിരുന്നു സർക്കാരിനെതിരായി പൊട്ടാൻ പോകുന്ന വലിയൊരു ബോംബിനെ കുറിച്ച് മുഖ്യമന്ത്രി സൂചന നൽകിയത്. ‘അഞ്ച് ദിവസത്തിനകം സർക്കാരിനെ പിടിച്ചുകുലുക്കുന്ന വലിയൊരു ബോംബ് പൊട്ടാനുണ്ടെന്നാണ് കേൾക്കുന്നത് ‘ എന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്.

“ഒരുപാട് നുണകളാണ് പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്. നുണ പടച്ചുവിടാന്‍ പ്രത്യേക സംവിധാനമൊരുക്കിയിരിക്കുകയാണ്. എങ്ങനെ നുണ പയറ്റാമെന്ന ഗവേഷണമാണ്. ഇപ്പോള്‍ പറച്ചില്‍ തുടങ്ങിയിട്ടുണ്ട്. ഇനി അഞ്ചുദിവസമല്ലേ ഉള്ളു. ഇനിയുള്ള ദിവസങ്ങളില്‍ വലിയ നുണ ബോംബ് വരാന്‍ പോവുന്നു എന്നാണ് പറയുന്നത്. നാട് ഏത് ബോംബിനെയും നേരിടാന്‍ തയ്യാറാണ്. കാരണം, എല്ലാവര്‍ക്കും അറിയാം ഇതിന്റെ പിന്നിലെന്താണെന്ന്. അത് ആദ്യംതന്നെ മനസിലങ്ങ് കരുതിയാല്‍ മതി”
ഇതാണ് പിണറായി വിജയന്‍ പറഞ്ഞത്.

മുഖ്യമന്ത്രി ഇക്കാര്യം പ്രസംഗമധ്യേ ഉന്നയിക്കുന്ന ചൊവ്വാഴ്ച വരെ പിടിച്ചുകുലുക്കുന്ന ബോംബൊരെണ്ണം വരാനുണ്ട് എന്ന സൂചന പോലും പ്രതിപക്ഷമോ ഏതെങ്കിലും മാധ്യമങ്ങളോ പുറത്തു വിട്ടിട്ടില്ല. ആ സാഹചര്യത്തിൽ ഏത് ബോംബിനെ കുറിച്ചാണ് മുഖ്യമന്ത്രിക്ക് സൂചന ലഭിച്ചത്..?

പൊലീസ് ഇൻ്റലിജൻസ് വിവരങ്ങളെല്ലാം ലഭ്യമാകുന്ന ആഭ്യന്തര വകുപ്പ് മന്ത്രി കൂടിയായ മുഖ്യമന്ത്രിയ്ക്ക് ഏതോ വലിയ വെളിപ്പെടുത്തലിനെ കുറിച്ച് അല്ലെങ്കിൽ ആരുടെയോ ‘മൊഴി’യെ കുറിച്ച് സൂചന ലഭിച്ചു കാണണം എന്നാണ് ചില രാഷ്ട്രീയ വൃത്തങ്ങൾ സംശയിക്കുന്നത്. സർക്കാരിലെ ഏതെങ്കിലും ഉന്നതരെയോ മുഖ്യമന്ത്രിയെ തന്നെയോ പ്രതിക്കൂട്ടിലാക്കുന്ന ആ സംഭവത്തിനുള്ള മുൻകൂർ ജാമ്യമാണ് പിണറായി വിജയൻ്റെ ‘ബോംബ് മുന്നറിയിപ്പ് ‘ എന്നാണ് ചില കോൺഗ്രസ് വൃത്തങ്ങൾ പറയുന്നത്.

എന്തു തന്നെയായാലും തെരഞ്ഞെടുപ്പിന് മുൻപ് ബോംബൊരെണ്ണം പൊട്ടുമെന്ന പ്രതീക്ഷയിൽ തന്നെയാണ് രാഷ്ട്രീയ കേരളം .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →