കൊച്ചി: പി.വി അന്‍വര്‍ എംഎല്‍എയും കുടുംബവും കൈവശം വച്ചിരിക്കുന്ന അധിക ഭൂമി ആറുമാസത്തിനകം കണ്ടുകെട്ടണമെന്ന് ഹൈക്കോടതി. ഭൂപരിഷ്ക്കരണ നിയമം ലംഘിച്ച് പരിധിയില്‍ കവിഞ്ഞ് ഭൂമി കൈവശം വെച്ചതിന് അന്‍വറിനെതിരെ കേസെടുക്കണമെന്ന ലാന്‍ഡ് ബോര്‍ഡ് ഉത്തരവ് മൂന്നുവര്‍ഷമായിട്ടും നടപ്പാക്കാത്തതിനെതിരെ മലപ്പുറം ജില്ലാ വിവരാവകാശ കൂട്ടായ്മ കോ-ഓഡിനേറ്റര്‍ കെ,വി ഷാജി സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റീസ് രാജ വിജയരാഘവന്റെ ഉത്തരവ്. നിയമ സഭാ തെരഞ്ഞെടുപ്പില്‍ നിലമ്പൂര്‍ മണ്ഡലത്തിലെ ഇടത് സ്ഥാനാര്‍ത്ഥിയാണ് അന്‍വര്‍.
താമരശേരി ലാന്‍ഡ്‌ബോര്‍ഡ് ചെയര്‍മാനും,അഡീഷണല്‍ തഹസീല്‍ദാരും നടപടിക്രമങ്ങള്‍ അതിവേഗം പൂര്‍ത്തീകരിച്ച് മിച്ചഭൂമി കണ്ടുകെട്ടാനാണ് ഉത്തരവ്. നിയമ സഭാംഗമായ അന്‍വറിന്റെ രാഷ്ട്രീയ സാമ്പത്തിക സ്വാധീനമാണ് കണ്ടുകെട്ടല്‍ നടപടി അനന്തമായി നീളുന്നതെന്ന് ഹര്‍ജിക്കാരന്റെ അഭിഭാഷകന്‍ ആരോപിച്ചു. അന്‍വറിനെതിരെ തെരഞ്ഞടുപ്പ് കമ്മീഷന്‍, ഗവര്‍ണ്ണര്‍, നിയമസഭാ സ്പീക്കര്‍, റവന്യൂ മന്ത്രി എന്നിവര്‍ക്ക് നല്‍കിയ പരാതികളില്‍ നടപടിയില്ലാത്തതിനാലാണ് ഷാജി ഹൈക്കോടതിയെ സമീപിച്ചത്.
ഒരു വ്യക്തിക്ക് പരമാവധി കൈവശം വയ്ക്കാവുന്നത് 15 ഏക്കറാണ് . എന്നാല്‍ അന്‍വറിന് 207.84 ഏക്കര്‍ ഭൂമിയാണ് ഉളളത്. ഏറനാട്, നിലമ്പൂര്‍, നിയോജക മണ്ഡലങ്ങളിലും വയനാട് ലോകലഭാ മണ്ഡലത്തിലും തെരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിച്ച സത്യവാങ്ങ്മൂലങ്ങളുടെ അടിസ്ഥാനത്തില്‍ ഇത് സംബന്ധിച്ചുളള രേഖകളും കോടതിയില്‍ ഹാജരാക്കിയിരുന്നു.

