തലശ്ശേരി: നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ ഗാന്ധിയന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായ സിഒടി നസീറിനെ പിന്തുണയ്ക്കാന്‍ ബിജെപി തീരുമാനം. നസീര്‍ പിന്തുണ അഭ്യര്‍ത്ഥിച്ചതിന് പിന്നാലെയാണ് 29/03/21 തിങ്കളാഴ്ച ബിജെപിയുടെ തീരുമാനം വന്നത്. നസീറിനെ പിന്തുണയ്ക്കാനുള്ള തീരുമാനത്തെ പ്രവര്‍ത്തകര്‍ അംഗീകരിക്കുമെന്നും വിഷയത്തില്‍ പാര്‍ട്ടിക്കുള്ളില്‍ എതിര്‍പ്പില്ലെന്നും ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്ന എന്‍ ഹരിദാസ് പറഞ്ഞു.
തലശേരിയിലെ ബിജെപി വോട്ടുകള്‍ തനിക്ക് ലഭിക്കുമെന്ന് സിഒടി നസീര്‍ പറഞ്ഞിരുന്നു. മണ്ഡലത്തില്‍ ബിജെപിക്ക് സ്ഥാനാര്‍ത്ഥിയില്ലാത്തതിനാല്‍ അവരുടെ വോട്ട് തനിക്ക് കിട്ടുമെന്നും തുടര്‍നടപടികള്‍ ബിജെപി നേതാക്കളുമായി സംസാരിച്ച് കൈക്കൊള്ളുമെന്നും നസീര്‍ പറഞ്ഞിരുന്നു.
താന്‍ ബിജെപി പ്രവര്‍ത്തകരുടെ വോട്ട് വേണ്ടെന്ന് പറഞ്ഞിട്ടില്ലെന്നും നസീര്‍ പറഞ്ഞു. ഇതിന് പിന്നാലെയാണ് ബിജെപി നിലപാട് അറിയിച്ചത്.
സമാധാനപരമായ രാഷ്ട്രീയ സാഹചര്യം ഉറപ്പാക്കുന്നതിന് വേണ്ടിയുള്ള പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് താന്‍ മത്സരിക്കുന്നതെന്നാണ് നസീര്‍ പറഞ്ഞത്. തലശേരി നഗരസഭാ മുന്‍ കൗണ്‍സിലറായിരുന്ന നസീര്‍ സിപിഐഎമ്മില്‍ നിന്നും അകന്നതിന് പിന്നാലെ കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ വടകരയില്‍ നിന്നും സ്വതന്ത്രനായി മത്സരിച്ചിരുന്നു.
ഇടത് സ്ഥാനാര്‍ത്ഥിയായി പി ജയരാജനും യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി കെ മുരളീധരനുമായിരുന്നു മറ്റു സ്ഥാനാര്‍ത്ഥികള്‍. ലോക്സഭാ തെരഞ്ഞെടുപ്പ് വേളയില്‍ വടകരയില്‍ സിഒടി നസീറിനെതിരെ ആക്രമണം നടന്നിരുന്നു. ഇതിന് പിന്നില്‍ എഎന്‍ ഷംസീര്‍ എംഎല്‍എയാണെന്ന ആരോപണം ഉയര്‍ന്നിരുന്നു. സംഭവത്തില്‍ ഷംസീര്‍ എംഎല്‍എയുടെ കാര്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു.

