കൊച്ചി: കശുവണ്ടി വികസന കോര്‍പ്പറേഷനിലെ അഴിമതിയുമായി ബന്ധപ്പെട്ട കേസില്‍ സിബിഐക്ക് പ്രോസിക്യൂഷന്‍ അനുമതി നിഷേധിച്ചതിന് പിന്നില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഇടപെടലാണെന്ന ആരോപണം തെറ്റാണെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. വ്യവസായ വകുപ്പ ജോയിന്റ് സെക്രട്ടറി എസ് മുരളിയാണ് സത്യവാങ്മൂലം നല്‍കിയത്. കേസില്‍ പ്രോസിക്യൂഷന്‍ അനുമതി നിഷേധിച്ചതിനെതിരെ കൊല്ലം കടകം പളളി മനോജ് ആണ് ഹര്‍ജി നല്‍കിയിരുന്നത്. ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരന്‍ ഉള്‍പ്പെടെയുളളവര്‍ കേസില്‍ പ്രതികളാണ്. മദ്ധ്യവേനല്‍ അവധിക്കുശേഷം സിംഗിള്‍ ബെഞ്ച് ഹര്‍ജി പരിഗണിക്കും.
ഒന്നാം പ്രതിയായ കോര്‍പ്പറേഷന്‍ മുന്‍ എംഡി കെഎ രതീഷ് സര്‍ക്കാരിനെ സ്വാധീനിച്ചാണ് കശുണ്ടി ഇറക്കുമതിക്കുളള അനുമതി വാങ്ങിയതെന്ന സിബിഐയുടെ കണ്ടെത്തല്‍ ശരിയല്ലെന്നും സിബിഐ അന്വേഷണം നടത്താന്‍ ഹൈക്കോടതി ഉത്തരവിട്ടതിനാല്‍ പ്രോസിക്യൂട്ട് ചെയ്യാന്‍ സര്‍ക്കാരിന്റെ അനുമതി വേണ്ടെന്നുമുളള വാദം ശരിയല്ലെന്നും, സത്യ സന്ധരായ ഉദ്യോഗസ്ഥര്‍ക്കെതിരെയുളള അനാവശ്യ കേസുകള്‍ ഒഴിവാക്കാനാണ് സര്‍ക്കാരിന്റെ അമനുമതി വേണമെന്ന വ്യവസ്ഥ ഒഴിവാക്കിയതെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.

