ചന്ദ്രനിലേക്ക് വിനോദയാത്ര, വീടൊന്നിന് കോപ്റ്റര്‍, ബോട്ട് ….’ചവറ്റുകുട്ട’ ചിഹ്നത്തില്‍ മത്സരിക്കുന്ന ശരവണന്റെ വാഗ്ദാനങ്ങള്‍ വൈറല്‍

ചെന്നൈ: തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ കൊണ്ട് വൈറലായി മാറിയിരിക്കുകയാണ് ‘ചവറ്റുകുട്ട’ ചിഹ്നത്തില്‍ മത്സരിക്കുന്ന മധുരൈ സൗത്തിലെ സ്വതന്ത്ര സ്ഥാനാര്‍ഥി ആര്‍. ശരവണന്‍.തെരഞ്ഞെടുക്കപ്പെട്ടാല്‍ വോട്ടര്‍മാര്‍ക്കു ചന്ദ്രനിലേക്ക് നൂറുദിന വിനോദയാത്ര, മണ്ഡലത്തിലെ ചൂട് നിയന്ത്രിക്കാന്‍ 300 അടി ഉയരത്തില്‍ കൃത്രിമ മഞ്ഞുമല, ബഹിരാകാശ ഗവേഷണ കേന്ദ്രം റോക്കറ്റ് വിക്ഷേപണ കേന്ദ്രം എന്നിവ സ്ഥാപിക്കും. എല്ലാവര്‍ക്കും ഐഫോണ്‍, നീന്തല്‍ കുളത്തോടു കൂടിയ മൂന്നുനില വീട്, എല്ലാ കുടുംബങ്ങള്‍ക്കും പ്രതിവര്‍ഷം ഒരു കോടി രൂപ, 20 ലക്ഷത്തിന്റെ കാര്‍, വീട്ടു ജോലികള്‍ ചെയ്യാന്‍ റൊബോട്ട്, പെണ്‍കുട്ടികളുടെ വിവാഹത്തിന് 100 സ്വര്‍ണ നാണയങ്ങള്‍, യുവ സംരംഭകര്‍ക്ക് ഒരു കോടിയുടെ ഫണ്ട്, എല്ലാ വീടുകളിലും ചെറിയ ഹെലികോപ്റ്റര്‍, ഭിന്നശേഷിക്കാര്‍ക്ക് പ്രതിമാസം 10 ലക്ഷം രൂപ സഹായം, വീടൊന്നിന് ഒരു ബോട്ട് എന്നിവ ഉറപ്പാക്കും. ഇത്രയുമാണ് വാഗ്ദാനങ്ങള്‍. സമ്മാനങ്ങളും സൗജന്യങ്ങളും വാരിക്കോരി വിതരണം ചെയ്യുമെന്നാണ് തമിഴ്‌നാട്ടിലെ കക്ഷികളുടെയും വാഗ്ദാനം. ഇതിനു മുന്നണി വ്യത്യാസമില്ലെന്നും ശരവണന്‍ പറഞ്ഞു. ഇവരെന്തു കൊണ്ടാണു ഭരണത്തിലിരിക്കുമ്പോള്‍ മോഹന വാഗ്ദാനങ്ങള്‍ നല്‍കാത്തത്. വോട്ടര്‍മാര്‍ ചിന്തിക്കട്ടെ -അതിനാണ് തന്റെ വാഗാദാനങ്ങളെന്നാണ് ശരവണന്‍ പറയുന്നത്. ഇത്തരം വാഗ്ദാനങ്ങളില്‍ വീഴാതെ നാടിന് സേവനം ചെയ്യുന്നവരെ തെരഞ്ഞെടുക്കാന്‍ പ്രേരിപ്പിക്കുകയെന്നതാണ് തന്റെ സ്ഥാനാര്‍ഥിത്വത്തിന്റെ യഥാര്‍ഥ ലക്ഷ്യമെന്നും ശരവണന്‍ കൂട്ടിച്ചേര്‍ത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →