കണ്ണൂര്‍: അയല്‍വാസികള്‍ തമ്മിലുള്ള തര്‍ക്കത്തിനിടെയുണ്ടായ വെടിവയ്പില്‍ ഒരാള്‍ മരിച്ചു. ചെറുപുഴ കാനംവയല്‍ ചേന്നാട്ട് കൊല്ലിയിലെ കൊങ്ങോലയില്‍ സെബാസ്റ്റ്യനാ(ബേബി-50)ണ് മരിച്ചത്. അയല്‍വാസി വാടാതുരുത്തേല്‍ ടോമിയുടെ വെടിയേറ്റാണ് മരിച്ചതെന്ന് സമീപവാസികള്‍ പറഞ്ഞു. 25/03/21 വ്യാഴാഴ്ച രാവിലെ എട്ടോടെയാണ് സംഭവം. പരിക്കേറ്റ സെബാസ്റ്റ്യനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ചെറുപുഴ സിഐ കെ ഉണ്ണികൃഷ്ണന്റെ നേത്യത്വത്തില്‍ പോലിസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. ബേബിയുടെ മൃതദേഹം ചെറുപുഴയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച ശേഷം പോസ്റ്റ്‌മോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജിലേക്കു മാറ്റി. വാക്കുതര്‍ക്കത്തെ തുടര്‍ന്നാണ് വെടിവച്ചതെന്നാണ് പോലിസിന്റെ പ്രാഥമിക നിഗമനം. പ്രതി ഒളിവിലാണെന്നും കണ്ടെത്താന്‍ ഊര്‍ജ്ജിത അന്വേഷണം നടത്തുന്നതായും പോലിസ് വ്യക്തമാക്കി. നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ലൈസന്‍സുള്ള തോക്കുകള്‍ പോലിസ് സ്‌റ്റേഷനുകളില്‍ ഹാജരാക്കിയിരിക്കുകയാണ്. അതിനാല്‍ കള്ളത്തോക്ക് ഉപയോഗിച്ചാണ് വെടിവച്ചതെന്നാണ് സംശയം. മലയോര മേഖലയില്‍ കള്ളത്തോക്കുകള്‍ വ്യാപകമാണെന്ന് പരാതി ഉയര്‍ന്നിരുന്നു.