കാഞ്ഞങ്ങാട് : കല്ലൂരാവിയില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ അബ്ദുള്‍ റഹ്മാന്‍ ഔഫ് കൊല്ലപ്പെട്ട കേസില്‍ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു. ഹോസ് ദുര്‍ഗ് ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് 2000ത്തോളം പേജുളള കുറ്റപത്രം സമര്‍പ്പിച്ചത്. രാഷ്ട്രീയ വിരോധത്തെ തുടര്‍ന്നാണ് കൊലപാതകമെന്ന് സ്ഥിരീകരിച്ച ക്രൈംബ്രാഞ്ച് ഗൂഡാലോചന സംബന്ധിച്ചുളള തെളിവുകള്‍ ഒന്നും ലഭിച്ചിട്ടില്ലെന്നാണ് കുറ്റപത്രത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്.
തദ്ദേശ തെരഞ്ഞെടുപ്പില്‍ കാഞ്ഞങ്ങാട് നഗരസഭയിലെ യുഡിഎഫിന് രണ്ട് സിറ്റിംഗ് സീറ്റ് നഷ്ടപ്പെടാന്‍ ഇടയായതിന്റെ വൈരാഗ്യമാണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായ ഔഫിന്റെ കൊലപാതകത്തിന് കാരണമായതെന്ന് കുറ്റ പത്രത്തില്‍ സൂചിപ്പിക്കുന്നു. 101 സാക്ഷികളുടെ വിവരങ്ങള്‍, അന്വേഷണ സംഘം കസ്റ്റഡിയിലെടുത്ത 43 തൊണ്ടിമുതലുകള്‍, ചികിത്സ രേഖകള്‍, പോസ്‌റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്, ഫോറന്‍സിക്ക് റിപ്പോര്‍ട്ടുകള്‍ ഫോണ്‍കോള്‍ രേഖകള്‍, കണ്ണൂര്‍ റീജ്യണല്‍ ലാബില്‍ നടത്തിയ പരിശോധനയുടെ വിവരങ്ങള്‍ അടക്കം 42 രേഖകളും കുറ്റപത്രത്തോടൊപ്പം കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്.
കേസില്‍ അറസ്‌റ്റിലായ യൂത്തലീഗ് കാഞ്ഞങ്ങാട് മുനിസിപ്പല്‍ സെക്രട്ടറി ഇഷാദ് (29) യൂത്ത് ലീഗ് പ്രവര്‍ത്തകരായ ഹസന്‍(30) ഹാഷിര്‍ (27) എന്നിവര്‍ക്കെതിരെയാണ് കുറ്റപത്രം. 2020 ഡിസംബര്‍ 23ന് രാത്രി 10.30ഓടെയാണ് കല്ലൂരാവി മുണ്ടത്തോട് വച്ച് അബ്ദുള്‍ റഹ്മാന്‍ ഔഫിന് ആക്രമികളുടെ കുത്തേല്‍ക്കുന്നത്. ബൈക്കില്‍ പഴയ കടപ്പുറത്തേക്ക് വരികയായിരുന്ന അബ്ദുള്‍ റഹ്മാനേയും, ഷുഹൈബിനേയും യൂത്ത് ലീഗ് പ്രവര്‍ത്തകരായ ഇര്‍ഷാദും സംഘവും ആക്രമിക്കുകയായിരുന്നു. അക്രമണത്തില്‍ പരിക്കേറ്റ ഷുഹൈബ് സംഭവ സ്ഥലത്തുനിന്നും രക്ഷപെട്ടെങ്കിലും ഇര്‍ഷാദ് ഉള്‍പ്പെടയുളള അക്രമികളെ തിരിച്ചറിഞ്ഞിരുന്നു. ഇര്‍ഷാദിനെ കണ്ടതായി ഷുഹൈബ് മാധ്യമങ്ങളോട് പ്രതികരിക്കുകയു ചെയ്‌തിരുന്നു.