ന്യൂഡല്‍ഹി: ബംഗ്ലാദേശ് രാഷ്ട്രപിതാവ് ബംഗ്ലാബന്ധു ഷെയ്ക്ക് മുജിബൂര്‍ റഹ്മാന് 2020ലെ ഗാന്ധി സമാധാന പുരസ്‌കാരം. മരണാനന്തര ബഹുമാതിയായിട്ടാണ് അദ്ദേഹത്തിന് പുരസ്‌കാരം നല്‍കുന്നത്. കോവിഡ് മൂലം മാറ്റിവെച്ച 2019ലെ ഗാന്ധി സമാധാന പുരസ്‌കാരത്തിന് അന്തരിച്ച ഒമാന്‍ സുല്‍ത്താന്‍ ക്വാബൂസ് ബിന്‍ സായിദ് അല്‍ സായിദിനേയും തെരഞ്ഞെടുത്തു. ഒരുകോടി രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്.
മുജീബ് റഹ്മാന്റെ ജന്മ ശദാബ്ദി ആഘോഷത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി ഈ ആഴ്ച ബംഗ്ലാദേശ് സന്ദര്‍ശിക്കാനിരിക്കെയാണ് അവാര്‍ഡ് പ്രഖ്യാപനം. മുജീബ് റഹ്മാന്റെ മകള്‍ ഷെയിക്ക് ഹസീനയാണ് ബംഗ്ലാദേശിലെ പ്രധാന മന്ത്രി. പ്രധാന മന്ത്രി നരേന്ദ്രമോദി അദ്ധ്യക്ഷനും സുപ്രിം കോടതി ചീഫ് ജസ്റ്റീസ് എസ്എ ബോബ്‌ഡേ ,ലോക് സഭയിലെ കോണ്‍ഗ്രസ് നേതാവ് ആദില്‍ രഞ്ജന്‍ ചൗദരി, ലോക്‌സഭാ സ്പീക്കര്‍ ഓംബിര്‍ള ,സുലഭ് സംഘടനയുടെ സ്ഥാപകന്‍ ബിന്ദേശ്വര്‍ പഥക്, എന്നിവര്‍ അംഗങ്ങളുമായ ജൂറിയാണ് ജേതാവിനെ നിശ്ചയിച്ചത്.
ഗാന്ധിജി ഉയര്‍ത്തിയ അഹിംസാ മാര്‍ഗ്ഗത്തിലൂടെ സാമൂഹ്യ സാമ്പത്തിക രാഷ്ട്രീയ പരിവര്‍ത്തനം കാഴ്ച വെക്കുന്ന ഇന്ത്യയിലേയും വിദേശത്തേയും പ്രമുഖ വ്യക്തികളെയാണ് അവാര്‍ഡിന് പരിഗണിക്കുന്നത്. ഈ വര്‍ഷം ഗാന്ധിജിയുടെ 125-ാം ജന്മ ശദാബ്ദി ആഘോഷവേളയാണെന്ന പ്രത്യേകതയുമുണ്ട്. വികസനം നടപ്പാക്കിയും ആഗോള സമാധാന പാലനത്തിന് മധ്യസ്ഥത വഹിച്ചും ശ്രദ്ധേയനായ ലോക നേതാവെന്ന നിലയിലാണ് സുല്‍ത്താന്‍ കാഹൂസ് ബിന്‍സായിദിനെ അവാര്‍ഡിന് തെരഞ്ഞെടുത്തത്. ഇന്ത്യ -ഒമാന്‍ ബന്ധം ഊഷ്മള മാക്കിയ അദ്ദേഹത്തിന്റെ സംഭാവനകളും കണക്കിലെടുത്തു.

